ചിങ്ങം പിറന്നു; ദുരിതാശ്വാസ ക്യാംപിലും പഴമ നഷ്ടമാകാതെ പിള്ളാരോണം

ദുഃഖത്തിനിടയിലും സന്തോഷത്തിന്റേതായ അന്തരീക്ഷം സൃഷ്ടിച്ച് ക്യാംപിനെ സജീവമാക്കിയിരിക്കുകയാണ് ചിങ്ങപ്പിറവി.

ആലപ്പുഴ: മഴക്കെടുതി രൂക്ഷമായതോടെ ഗത്യന്തരമില്ലാതെ വീട് വിട്ട് ഇറങ്ങി സ്‌കൂളുകളിൽ ഒരുക്കിയിരിക്കുന്ന ദുരിതാശ്വാസ ക്യാംപിൽ അഭയം തേടിയവരും ഓണത്തെ വരവേറ്റ് ആഘോഷത്തിൽ തന്നെയാണ്. ദുഃഖത്തിനിടയിലും സന്തോഷത്തിന്റേതായ അന്തരീക്ഷം സൃഷ്ടിച്ച് ക്യാംപിനെ സജീവമാക്കിയിരിക്കുകയാണ് ചിങ്ങപ്പിറവി.

ആലപ്പുഴ തലവടി ഗവ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിൽ ഒരുമയുടേയും, സൗഹൃദത്തിന്റെയും നിറം പകരുന്ന കാഴ്ചയായി പിള്ളാരോണം ഗംഭീരമായി ആഘോഷിച്ചു. മുതിർന്നവരും, കുട്ടികളുമായി 358 പേർ ഈ ക്യാംപിൽ അന്തേവാസികളാണ്. ഈ ക്യാംപിൽ 73-ാമത് സ്വാതന്ത്ര്യ ദിനാഘോഷവും പിള്ളാരോണവും ആഘോഷിച്ച് വ്യത്യസ്ത അനുഭവം പങ്കുവെച്ചു. വീട് വിട്ട് ഇറങ്ങി സ്‌കൂളിലെ ക്യാംപിൽ കഴിയുന്ന കുരുന്നുകൾക്ക് ഇത്തവണത്തെ പിള്ളാരോണം നവ്യാനുഭവമായി.

കുഞ്ഞുങ്ങൾക്ക് ഒരു പക്ഷെ ഇത്തരമൊരു പിള്ളാരോണം ആഘോഷം ആദ്യമായിട്ടായിരിക്കാം. അവർ അത്തപൂക്കളമിട്ടും, സംഘഗാനം പാടിയും ഒരുമയോടെ ആഘോഷത്തിൽ പങ്കാളികളായി, ഉച്ചയ്ക്ക് തൂശനിലയിൽ പരിപ്പ്, പപ്പടം, പാൽ പായസം ഉൾപ്പെടെയുള്ള വിഭവ സമൃദ്ധമായ സദ്യവട്ടവും ആസ്വദിച്ചു. ആലപ്പുഴ, കുട്ടനാട് മേഖലകളിൽ ഓണത്തിന്റെ വരവറിയിച്ച് ആഘോഷിക്കുന്ന ഓണത്തിന്റെ ചെറുപതിപ്പാണ് പിള്ളാരോണം. കഴിഞ്ഞതവണത്തെ പിള്ളാരോണവും മഴക്കാലം എടുത്തതോടെ മിക്കവരും ക്യാംപുകളിലാണ് ആഘോഷം സംഘടിപ്പിച്ചിരുന്നത്.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ പ്രധാന അധ്യാപിക മറിയാമ്മ പോൾ പതാക ഉയർത്തി. തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്കുമാർ പിഷാരത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അധ്യാപകരായ ഷീല, ജസി പി മാത്യു, പിടിഎ പ്രസിഡന്റ് സുമേഷ്, ക്യാംപ് ഡയറക്ടർ കെകെ സുധീർ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി

Exit mobile version