മഴക്കെടുതിയില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അമൃതാനന്ദമയി; കുടുംബത്തിന് മഠം ഒരു ലക്ഷം വീതം നല്‍കും

വിവേകമില്ലാതെയുള്ള പ്രകൃതി ചൂഷണമാണ് ഇത്തരം ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നതെന്നും അമ്മ പറഞ്ഞു

കൊല്ലം: കേരളത്തിലെ മഴക്കെടുതിയില്‍ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് അമൃതാനന്ദമയി. ആള്‍നാശം സംഭവിച്ച കുടുംബങ്ങള്‍ക്ക് അമൃതാനന്ദമയി മഠം ഒരു ലക്ഷം രൂപ വീതം നല്‍കും. വിവേകമില്ലാതെയുള്ള പ്രകൃതി ചൂഷണമാണ് ഇത്തരം ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നതെന്നും അമ്മ പറഞ്ഞു.

മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് ദുഃഖത്തില്‍ നിന്നും കരകയറാന്‍ ശക്തി നല്കണമേ എന്ന് പരമാത്മാവിനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും അമൃതാനന്ദമയി പറഞ്ഞു. മരങ്ങള്‍ മുറിച്ചു മാറ്റുന്നതും മറ്റു പ്രകൃതി ചൂഷണങ്ങളുമൊക്കെയാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് വഴി വെയ്ക്കുന്നതെന്നും അമ്മ അഭിപ്രായപ്പെട്ടു.

പ്രളയദുരിതമനുഭവിക്കുന്നവര്‍ക്ക് അവശ്യസഹായങ്ങള്‍ ലഭ്യമാക്കുന്നതിനായി മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അമൃത ഹെല്‍പ്ലൈന്‍ സഹായകേന്ദ്രം അമൃത വിശ്വ വിദ്യാപീഠത്തിന്റെ അമൃതപുരി കാമ്പസില്‍ സജ്ജീകരിച്ചിരുന്നു. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനും, ആവശ്യസാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിനുമായി ‘അമൃതകൃപ’ എന്നപേരില്‍ ഒരു ആന്‍ഡ്രോയിഡ് ആപ്പും സജ്ജീകരിച്ചിരുന്നു.

മഠവും മഠത്തിന്റെ മറ്റുസ്ഥാപനങ്ങളും പ്രളയബാധിത പ്രദേശങ്ങളായ വയനാട്, ഇടുക്കി, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ഇപ്പോള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്.ആശ്രമത്തിന്റെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളില്‍ ദുരന്തനിവാരണ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നുണ്ട്.

Exit mobile version