വയനാടിന് രാഹുല്‍ഗാന്ധിയുടെ സാന്ത്വനം: അമ്പതിനായിരം കിലോ അരിയും ഭക്ഷ്യവസ്തുക്കളും ജില്ലയിലെത്തി

കോഴിക്കോട്: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വയനാടിന് രാഹുല്‍ഗാന്ധി എംപിയുടെ സഹായഹസ്തം. എംപിയുടെ ഓഫീസ് മുഖേന അമ്പതിനായിരം കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും മറ്റ് അടിയന്തരവസ്തുക്കളും ജില്ലയിലെത്തിച്ചു.

മഴക്കെടുതികളില്‍ മുങ്ങിയ വയനാട്ടിലെയും മലപ്പുറത്തെയും പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ടണ്‍കണക്കിന് വസ്തുക്കള്‍ കേരളത്തിലേക്കെത്തിയത്. ആദ്യഘട്ടത്തില്‍ പുതപ്പ്, പായ തുടങ്ങിയ അത്യവശ്യ വസ്തുക്കള്‍ ലഭ്യമാക്കി.

രണ്ടാം ഘട്ടത്തില്‍ പതിനായിരം കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യസാധനങ്ങളും. അഞ്ച് കിലോ അരിയടങ്ങിയ വസ്തുക്കളാണ് ഒരോ കുടുംബത്തിനുമുള്ള കിറ്റിലുള്ളത്. കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളിലൂടെ ഇതിന്റെ വിതരണം ആരംഭിച്ചു.

മൂന്നാം ഘട്ടത്തില്‍ ക്ലീനിങ് സാധനങ്ങള്‍ ജില്ലയിലെത്തും. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാത്ത്‌റൂം, ഫ്‌ലോര്‍ ക്ലീനിങ് വസ്തുക്കളടങ്ങിയ കിറ്റ് എത്തിക്കും.

ഈ മാസം അവസാനം രാഹുല്‍ ഗാന്ധി വീണ്ടും മണ്ഡലം സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ആദ്യത്തെ ദിവസം ഉരുള്‍പൊട്ടലില്‍ വന്‍നാശം വിതച്ച മലപ്പുറം നിലമ്പൂരിലെ കവളപ്പാറയും രണ്ടാമത്തെ ദിവസം ശക്തമായ മണ്ണിടിച്ചില്‍ ഏഴ് പേരെ കാണാതായ വയനാട്ടിലെ പുത്തുമലയിലുമാണ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയത്.

Exit mobile version