തെക്കന്‍ കേരളത്തില്‍ മഴ; പള്ളിക്കലാറ് കരകവിഞ്ഞു

തൃശ്ശൂര്‍: തെക്കന്‍ കേരളത്തില്‍ മഴ തുടങ്ങി, ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളില്‍ വ്യാപകമായി മഴ പെയ്തു തുടങ്ങി. കൊല്ലത്തെ പള്ളിക്കലാറ് കരകവിഞ്ഞൊഴുകുകയാണ്. പള്ളിക്കലാറ് കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് തൊടിയൂര്‍ പാലത്തിനു സമീപമുള്ള വീടുകളില്‍ വെള്ളം കയറി.

ആലപ്പുഴ ചങ്ങനാശ്ശേരി എ സി റോഡില്‍ വെള്ളമുയര്‍ന്നു. ആലപ്പുഴയില്‍ 19 പാടശേഖരങ്ങളുടെ ബണ്ടുകള്‍ തകര്‍ന്നു. തുടര്‍ന്ന് ജനവാസ മേഖലകളിലും എസി റോഡിലും വെള്ളം കയറിയിട്ടുണ്ട്. മങ്കൊമ്പ് മേഖലയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

കനത്തമഴയ്ക്കുള്ള സാധ്യത പരിഗണിച്ച് തിരുവനന്തപുരത്തെ നെയ്യാര്‍, അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പത്തനംതിട്ടയിലെ മണിമല, അച്ചന്‍കോവില്‍, പമ്പ നദികളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. അതേസമയം പന്തളം, തിരുവല്ല മേഖലകളില്‍ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല.

മഴക്കെടുതിയെ തുടര്‍ന്ന് ഇതിനോടകം സംസ്ഥാനത്ത് മഴക്കെടുതിയില്‍ 92 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംസ്ഥാനത്ത് ഒരിടത്തും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ബാക്കിയുള്ള പതിനൊന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version