‘ഞങ്ങളെ സഹായിക്കാൻ വന്നവരല്ലേ’; പൈസ വേണ്ടാ; നിലമ്പൂരിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ ചെങ്ങന്നൂർകാരുടെ ഹൃദയം കീഴടക്കി മഞ്ചേരിയുടെ നന്മ

നിലമ്പൂരിലും ചുങ്കത്തറയിലും പരിസര പ്രദേശങ്ങളിലും സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമായ ചെങ്ങന്നൂർ ന്യൂസ്ട്രീറ്റ് ബോയ്‌സ്

മലപ്പുറം: കേരളത്തിൽ നിന്നും അതിതീവ്രമഴ മാറി നിന്നെങ്കിലും മഴക്കെടുതികൾക്ക് ശമനമുണ്ടായിട്ടില്ല. ഏറ്റവും കൂടുതൽ പ്രകൃതിക്ഷോഭം ബാധിച്ചത് മലബാർ പ്രദേശത്തെയാണ്.മലപ്പുറത്തും വയനാട്ടിലും ഉരുൾപൊട്ടൽ നിരവധി ജീവനുകൾ കവർന്നു. ഒട്ടേറെപ്പേരെ ഇപ്പോഴും മണ്ണിനടിയിൽ നിന്നും കണ്ടെടുക്കാൻ ബാക്കിയുണ്ട്. ജീവന്റെ കണമെങ്കിലും അവശേഷിക്കുന്നുണ്ടെന്ന പ്രതീക്ഷയിൽ അവർക്കായി തെരഞ്ഞുകൊണ്ടിരിക്കുകയാണ് നാട്ടുകാരും സന്നദ്ധപ്രവർത്തകും രക്ഷാപ്രവർത്തകരും. മലപ്പുറം നിലമ്പൂരിനടുത്ത കവളപ്പാറയിൽ ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും അകപ്പെട്ട 41 പേരെ ഇനിയും കണ്ടെടുക്കാനുണ്ടെന്നാണ് കണക്ക്.

അതേസമയം, കഴിഞ്ഞപ്രളയത്തിൽ തങ്ങൾക്ക് താങ്ങായി എത്തിയവരെ ഈ പ്രളയകാലത്ത് സഹായിക്കാൻ ഓടിയെത്തിയ ചെങ്ങന്നൂർകാരുടെ ഒരു കൂട്ടം തന്നെയുണ്ട് മലപ്പുറത്ത്. കഴിഞ്ഞതവണ പ്രളയം ഏറ്റവും നാശംവിതച്ച പ്രദേശങ്ങളിലൊന്നായിരുന്നു ചെങ്ങന്നൂർ. ഒരുവർഷത്തിനിപ്പുറം തങ്ങളെ രക്ഷിച്ചവർക്ക് കൈത്താങ്ങാകാൻ ചെങ്ങന്നൂരിലെ ഒരുകൂട്ടം യുവാക്കൾ അവശ്യസാധനങ്ങളുമായി നിലമ്പൂരിലേക്ക് തിരിക്കുകയായിരുന്നു. നിലമ്പൂരിലും ചുങ്കത്തറയിലും പരിസര പ്രദേശങ്ങളിലും സന്നദ്ധപ്രവർത്തനങ്ങളിൽ സജീവമായ ചെങ്ങന്നൂർ ന്യൂസ്ട്രീറ്റ് ബോയ്‌സ് സംഘത്തിലെ ഒരു യുവാവിന്റെ നന്മ നിറയുന്ന പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്.


മഞ്ചേരിയിലെ രസം ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച് ബില്ല് ചോദിച്ചപ്പോൾ ലഭിച്ച അത്ഭുതപ്പെടുത്തിയ മറുപടിയെ കുറിച്ചാണ് ഈ യുവാവിന്റെ പോസ്റ്റ്. ഭക്ഷണത്തിന് പണം വേണ്ടെന്ന് പറഞ്ഞ മഞ്ചേരി രസം ഹോട്ടലിലെ ജീവനക്കാരോട് കാരണം ചോദിച്ചപ്പോൾ ലഭിച്ച മറുപടി ‘ നിങ്ങൾ ചെങ്ങന്നൂർകാർ അല്ലേ , ഞങ്ങളെ സഹായിക്കാൻ വന്നവരല്ലേ’ എന്നായിരുന്നെന്ന് മനുഷ്യൻ മനുഷ്യനാണ് എന്ന് അവസാനിക്കുന്ന ഫേസ്ബുക്ക് കുറിപ്പിൽ ന്യൂ സ്ട്രീറ്റ് ബോയ്‌സ് അംഗം ഷോഫിൻ സി ജോൺ പറയുന്നു.

‘നിങ്ങ എന്ത് മൻസമാരാഡോ (മഞ്ചേരി രസം ഹോട്ടൽ )പത്താൾ കയറി ഭക്ഷണം കഴിച്ചിട്ട് പൈസ വേണ്ടാന്ന്, കാരണം ചോദിച്ചപ്പോൾ, നിങ്ങൾ ചെങ്ങന്നൂർകാർ അല്ലേ, ഞങ്ങളെ സഹായിക്കാൻ വന്നവരല്ലേ’- ഷോഫിൻ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.

യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

നിങ്ങ എന്ത് മൻസമാരാഡോ…. (മഞ്ചേരി രസം ഹോട്ടൽ ) പത്താൾ കയറി ഭക്ഷണം കഴിച്ചിട്ട് പൈസ വേണ്ടാന്ന്, കാരണം ചോദിച്ചപ്പോൾ, നിങ്ങൾ ചെങ്ങന്നൂർകാർ അല്ലേ, ഞങ്ങളെ സഹായിക്കാൻ വന്നവരല്ലേ…. മനുഷ്യൻ മനുഷ്യനാണ്.

Exit mobile version