കവളപ്പാറയിലെ ദുരന്തബാധിതരെ സന്ദര്‍ശിച്ച് രാഹുല്‍ഗാന്ധി എംപി

മലപ്പുറം: കനത്ത മഴയും ഉരുള്‍പ്പൊട്ടലും നാശംവിതച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വയനാട് എംപി രാഹുല്‍ഗാന്ധി. ഭൂദാനം പോത്തുകല്ല് ക്യാമ്പിലെത്തി ദുരിതബാധിതരെ സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രനും രാഹുലിനെ അനുഗമിക്കുന്നുണ്ട്​. കവളപ്പാറയിലെത്തി ദുരിതബാധിതരെയും സന്ദര്‍ശിച്ചു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് രാഹുല്‍ ഗാന്ധി ഇറങ്ങിയത്.

വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് അദ്ദേഹം ആദ്യം എത്തിയത്. എടവണ്ണ, പോത്തുകല്ല് ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ അദ്ദേഹം സന്ദര്‍ശിക്കും. പിന്നീട് മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്തിട്ടുള്ള അവലോകന യോഗത്തില്‍ പങ്കെടുക്കും.

കനത്ത മഴ ഏറെ നാശം വിതച്ചത് രാഹുല്‍ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചിരുന്നു.

തിങ്കളാഴ്ച അദ്ദേഹം വയനാട്ടിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഉരുള്‍പ്പൊട്ടലുണ്ടായ പുത്തുമലയിലും കവളപ്പാറയിലും രാഹുല്‍ എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നതിനിടെയാണ് രാഹുലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം.

Exit mobile version