സംഹാരരൂപിണിയായി വാണിയംപുഴ, ജീവന്‍ പണയംവച്ച് ഇരുട്ടുകുത്തി കോളനികളിലേക്ക് ഭക്ഷണവുമായി വനംവകുപ്പിന്റെയും എന്‍ഡിആര്‍എഫിന്റെയും ഉദ്യോഗസ്ഥര്‍; വീഡിയോ വൈറല്‍

നിലമ്പൂര്‍: മഴയും ഉരുള്‍പൊട്ടലും കനത്ത നാശം വിതച്ച നിലമ്പൂരും ഉള്‍പ്രദേശങ്ങളും തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുകയാണ്. വനമേഖയായ വാണിയംപുഴ ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി കോളനികളിലെ നിവാസികളും പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജീവനക്കാരും പുറത്തുകടക്കാനോ പുറം ലോകവുമായി ബന്ധപ്പെടാനോ കഴിയാതെ ഒറ്റപ്പെട്ടിരിക്കുകയായിരുന്നു. ഇവരിലേക്ക് വനംവകുപ്പും എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരും ഭക്ഷണമെത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈലായിരിക്കുകയാണ്. അതിസാഹസികമായ ദൗത്യം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് കലക്ടര്‍ ജാഫര്‍ മാലികാണ് പോസ്റ്റും വീഡിയോയും പങ്കുവച്ചിരിക്കുന്നത്.

വാണിയംപുഴയ്ക്ക് അക്കരെയാണ് വാണിയംപുഴ ഇരുട്ടുകുത്തി കോളനികള്‍ സ്ഥിതി ചെയ്യുന്നത്. കാലവര്‍ഷത്തില്‍ വാണിയംപുഴ ആര്‍ത്തിരമ്പിയപ്പോള്‍ ഈ കോളനികള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരുന്നു. വയനാട്ടില്‍ മേപ്പാടിയിലെ ഉരുള്‍പൊട്ടലിലെ പ്രളയജലമാണ് ചാലിയാറിലെ പോഷകനദിയായ വാണിയംപുഴയിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമായത്.

വാണിയംപുഴയിലെ ജലവിതാനം ഭീതിജനകമാംവിധം ഉയര്‍ന്നുതന്നെയാണ് ഇപ്പോഴുമുള്ളത്. കോളനിയിലുള്ളവരെ രക്ഷപ്പെടുത്താനും, ഇവര്‍ക്ക് ഭക്ഷണമെത്തിക്കാനും കഴിഞ്ഞദിവസവും ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വാണിയംപുഴ മുറിച്ചുകടക്കാനായിരുന്നില്ല.

എന്നാല്‍ സൗത്ത് നോര്‍ത്ത് ഡിഎഫ്ഒമാരുടെ നേതൃത്ത്വത്തിലുള്ള വനംവകുപ്പ് – എന്‍ഡിആര്‍എഫ് സംഘം ഇന്ന് അതിസാഹസികമായി പുഴകടന്ന് ഭക്ഷണം കോളനികളില്‍ എത്തിച്ചു. വാണിയംപാറയില്‍ 35 കുടുംബങ്ങളിലായി 165 പേരും ഇരുട്ടുകുത്തില്‍ 36 കുടുംബങ്ങളില 122പേരുമാണുള്ളത്. ഇവര്‍ക്കുള്ള പാചകം ചെയ്ത ഭക്ഷണമാണ് ഇന്ന് എത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട എന്‍ഡിആര്‍എഫ് സംഘം മുണ്ടേരിയിലാണ് ക്യാമ്പ് ചെയ്യുന്നത്.

കോളനി നിവാസികള്‍ക്ക് നല്‍കേണ്ട ഭക്ഷണം പാകം ചെയ്യാനുള്ള അരിയും മറ്റ് സാധനങ്ങളും മുണ്ടേരിയില്‍ ഇതിനകം തന്നെ എത്തിച്ചിട്ടുണ്ട്. നാളെ ഇത് കോളനികളില്‍ എത്തിക്കും. ഇവര്‍ക്ക് ഭക്ഷണം എത്തിക്കാനായി ജില്ലയില്‍ ഹെലിക്കോപ്റ്റര്‍ എത്തിയിരുന്നു എങ്കിലും പ്രതികൂല കാലവസ്ഥ കാരണം ഭക്ഷണം എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹെലിക്കോപ്റ്റര്‍ മുഖേന ഭക്ഷനം എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വനം വകുപ്പും എന്‍ഡിആര്‍എഫ് സംഘവും ജീവന്‍ പണയംവച്ചാണ് കോളനികളില്‍ ഭക്ഷണം എത്തിച്ചത്.

Exit mobile version