മീന്‍ പിടിക്കാന്‍ പുഴയില്‍ ഇറങ്ങിയ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയതായിരുന്നു സഹോദരങ്ങളായ റാഷിദും റിന്‍ഷാദും.

മലപ്പുറം: നിലമ്പൂരില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ പെരുവംപാടം കുറുവന്‍ പുഴയുടെ കടവിലാണ് അപകടം ഉണ്ടായത്. കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ മീന്‍ പിടിക്കാന്‍ എത്തിയതായിരുന്നു സഹോദരങ്ങളായ റാഷിദും റിന്‍ഷാദും.

ഇതിനിടയില്‍ പുഴയില്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. കൂടെയുള്ള മറ്റു കുട്ടികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴമുള്ള സ്ഥലമായതിനാല്‍ രക്ഷിക്കാനായില്ല. ഉടന്‍ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നിലമ്പൂരില്‍ നിന്നും അഗ്‌നി രക്ഷാസേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

തിരച്ചിലില്‍ സമീപത്ത് നിന്ന് തന്നെ ഇരുവരെയും കണ്ടെത്തി. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും. അകമ്പാടം സ്വദേശികളായ ബാബു-നസീമ ദമ്പതികളുടെ മക്കളാണ് റിന്‍ഷാദും, റാഷിദും.

Exit mobile version