അറിയിപ്പ് നൽകിയെന്ന് ചാനലിൽ പറയുന്നവരെ നേരിൽ കണ്ടാൽ ചോദിക്കാൻ നിൽക്കുകയാണ് ജീവനോടെയുള്ളവർ; കവളപ്പാറയിൽ നിന്നും യുവാവിന്റെ കണ്ണീർ കുറിപ്പ്

ദുരന്തത്തിൽ ഇനിയും എത്ര ജീവനുകൾ അവശേഷിക്കുന്നുവെന്ന് പോലും അറിയില്ല.

മലപ്പുറം: കേരളത്തിൽ പേമാരി നാശം വിതയ്ക്കുന്നതിനിടെ നാടിന്റെ കണ്ണീരായി കവളപ്പാറ. പേമാരി ഏറ്റവുമധികം അപകടം വിതച്ച സ്ഥലമായി മലപ്പുറത്തെ കവളപ്പാറ മാറിയിരിക്കുകയാണ്. ഉരുൾപൊട്ടലിൽ 30ലേറെ വീടുകളും 60ലേറെ ആളുകളും മണ്ണിനടിയിൽപെട്ടിട്ടും രക്ഷാപ്രവർത്തകർക്ക് ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണ്. അപകടം നടന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ആരേയും രക്ഷിക്കാനാകാതെ നിസഹായരാണ് സന്നദ്ധപ്രവർത്തകരും സൈന്യവും ഫയർഫോഴ്‌സും നാട്ടുകാരും ഉൾപ്പെടുന്ന രക്ഷാപ്രവർത്തകരുടെ സംഘം. ദുരന്തത്തിൽ ഇനിയും എത്ര ജീവനുകൾ അവശേഷിക്കുന്നുവെന്ന് പോലും അറിയില്ല.

അതിനിടെ മുന്നറിയിപ്പുകൾ അവഗണിച്ചതാണ് കവളപ്പാറയിലെ ദുരന്തത്തിന്റെ ആഴം വർധിക്കാൻ കാരണമായതെന്ന് കവളപ്പാറയുടെ പ്രദേശങ്ങളിൽ താമസിക്കുന്നവർ വാദമുയർത്തി രംഗത്തുവന്നിരുന്നു. കവളപ്പാറക്കാർ എന്ന പേരിൽ ചാനൽ ചർച്ചകളിലും ഇവർ ഇത്തരം വാദം ഉന്നയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ കൃത്യമായ മുന്നറിയിപ്പ് നൽകിയെന്നും നാട്ടുകാർ മാറാൻ തയ്യാറായില്ലെന്നുമാണ് ഇക്കൂട്ടർ പറയുന്നത്. എന്നാൽ മുന്നറിയിപ്പ് അവഗണിച്ചതാണ് ദുരന്തത്തിന്റെ കാരണമെന്ന പ്രചാരണം തെറ്റാണെന്ന് വ്യക്തമാക്കി ഉരുൾപൊട്ടൽ നേരിട്ടനുഭവിച്ച യുവാവ് രംഗത്തെത്തി.

ഭൂദാനം കവളപ്പാറയിലെ ദുരന്തം നാട്ടുകാരെന്നു പറഞ്ഞു ചാനലിൽ സംസാരിക്കുന്ന ചില മാന്യന്മാർക്ക് അറിയില്ലായിരുന്നു അവിടെ എന്താണ് സംഭവിച്ചതെന്ന് അവർ തുടക്കത്തിൽ മൈക്ക് കിട്ടിയപ്പോൾ എന്തൊക്കെയോ പറയുന്നു സത്യം നിങ്ങളറിയണം അതുകൊണ്ടാണ് വിശദമായി എഴുതുന്നത്- എന്ന് തുടങ്ങുന്ന കുറിപ്പ് നാട്ടുകാരനായ ദീനൂപ് എന്ന നാട്ടുകാരനാണ് ഫേസ്ബുക്കിൽ കുറിക്കുന്നത്. ഉറ്റവരെ നഷ്ടപ്പെട്ട ദുഃഖം അടക്കിപിടിച്ച് രക്ഷാപ്രവർത്തനത്തിന് ഇറങ്ങേണ്ടി വന്ന ദിനൂപിന്റെ കുറിപ്പ് ചർച്ചയാവുകയാണ്. ഉദ്യോഗസ്ഥരുടെയോ അധികാരികളുടെയോ ഭാഗത്തു നിന്ന് ഒരു അറിയിപ്പും ഉണ്ടായിട്ടില്ലെന്നും അപകടം നടന്ന സഥലത്തു ഒരുവീടിലും അറിയിപ്പ് കൊടുത്തിട്ടും ഇല്ലെന്നും ദിനൂപ് പറയുന്നു.

അറിയിപ്പ് നൽകിയെന്ന് ചാനലിൽ പറയുന്ന ചിലർ ആറും ഏഴും കിലോമീറ്റർ അപ്പുറത്തുള്ളവർ ആണ് അവരും 16 മണിക്കൂറിന് ശേഷം ആണ് അവർ അവിടെയെത്തിയത് അവരെ നേരിൽ കണ്ടാൽ ചോദിക്കാൻ നിൽക്കുകയാണ് ജീവനോടെയുള്ളവർരെന്നും ഈ യുവാവ് കണ്ണീരോടെ പറയുന്നു.

ദിനൂപിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഭൂദാനം കവളപ്പാറയിലെ ദുരന്തം നാട്ടുകാരെന്നു പറഞ്ഞു ചാനലിൽ സംസാരിക്കുന്ന ചില മാന്യന്മാർക്ക് അറിയില്ലായിരുന്നു അവിടെ എന്താണ് സംഭവിച്ചതെന്ന് അവർ തുടക്കത്തിൽ മൈക്ക് കിട്ടിയപ്പോൾ എന്തൊക്കെയോ പറയുന്നു സത്യം നിങ്ങളറിയണം അതുകൊണ്ടാണ് വിശദമായി എഴുതുന്നത്. മുത്തപ്പൻ കുന്ന് എനിക്ക് ഓർമ്മവച്ച കാലം മുതലേ കാരണന്മാർ പറയുമായിരുന്നു കുന്ന് ഇടിയും ഇടിയും എന്ന് ആ ദുരന്തം കഴിഞ്ഞ ദിവസം നടന്നു അതിൽ രാഷ്ട്രീയമായും അല്ലാതെയും മുതലെടുപ്പ് ആരും നടത്തേണ്ട സത്യം ലോകം അറിയണം. ജേഷ്ഠനെയും (വല്യച്ഛന്റെ മോൻ) പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടതിന്റെ ദുഖത്തിലാണ് ഞങ്ങൾ ദിവസവും രാവിലെ കാണുന്ന എത്രപേർ കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നറിഞ്ഞു വീട്ടിലെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ക്യാമ്പിലേക്ക് മാറ്റി ഇപ്പോൾ കാണാതായവർ അടക്കം കുറഞ്ഞത് ഒരു മുപ്പത് പേരെങ്കിലും വീട്ടിൽ ഉണ്ടായിരുന്നു ദിവസങ്ങളോളം എല്ലാവരും ഒരുമിച്ചു കഴിഞ്ഞിരുന്നു ഓണത്തിന് പച്ചക്കറിയുൾപ്പെടെ കിറ്റുകൾ നൽകിയിരുന്നു ഈ വീടുകളിൽ.

രണ്ടു മൂന്ന് ദിവസമായി പെയ്തമഴയിൽ വൈദ്യുതി ബന്ധം ഉണ്ടായിരുന്നില്ല മൊബൈൽ നെറ്റ്വർക്ക് കിട്ടിയിരുന്നില്ല സംഭവം നടക്കുന്ന ദിവസം ഉച്ചയായപ്പോഴേക്കും ചാലിയയാറിലും പരിസരപ്രതേശങ്ങളിലും വെള്ളം ഉയർന്നു കവളപ്പറയുടെ ഒരുഭാഗം കുറച്ചപ്പുറത്തു ചാലിയാരും ഒരുഭാഗം മലയുമാണ് ഭൂദാനത്തേക്കു പോയിരുന്നത് പനങ്കയം പാലത്തിലൂടെയായിരുന്നു പിന്നൊരു മാർഗം ശാന്തീഗ്രാം പാലവും ഇത് രണ്ടും വെള്ളം കയറി. പനങ്കയത്തിനും കാവളപ്പറക്കും ഇടയിൽ തുടിമുട്ടിയിൽ വെള്ളം കയറി ഭൂദാനത്തേക്ക് പോകാൻ കഴിയാത്തരീതിയിൽ കവളപ്പറാനിന്നും വരുന്ന തോടിലും വെള്ളം ഉയർന്നു പിന്നെയുള്ളത് എന്റെ വീടിനുചാരിയുള്ള റോഡും നൂറ്റന്പതോളം ഓളം വീടും ഒറ്റപ്പെട്ടു അതുകൊണ്ടാണ് ഇത്രയും ഭീകരമായ അവസ്ഥയുണ്ടായത് ആർക്കും ഇങ്ങോട്ടും പോകാൻ കഴിയില്ല നേരം വെളുത്തിട്ട് മാത്രമെന്ന് ചിലർ പറഞ്ഞു അല്ലാതെ ഒരുമാർഗ്ഗവുമില്ലല്ലോ.
തുടിമുട്ടിയിൽ വെള്ളം കയറിയെന്നു വിഷ്ണു(പട്ടാളക്കാരനാണ് ലീവിന് വന്നതായിരുന്നു) പറഞ്ഞു ഞങ്ങൾഅങ്ങോട്ട് പോയി അവിടെ പനങ്കയത് നിന്നും തുടിമുട്ടിയിൽ നിന്നും ഉള്ള ആളുകൾ കൂടി വീടുകളിൽ വെള്ളം കയറി കുടുങ്ങിക്കിടന്ന 50 ൽ അധികം ആളുകളെ വലിയ ചെമ്പിലും ടൂബിലുമൊക്കെയാക്കി െനാല് മുതൽ രാത്രി ഏഴര വരെ ആളുകളെ വീടുകളിൽ നിന്ന് മാറ്റുകയായിരുന്നു. തുടിമുട്ടിൽ പോയി വെള്ളത്തിൽ നിന്ന് എല്ലാവരും ക്ഷീണിതരായിരുന്നു. അപകടത്തിൽ പെട്ട് രക്ഷപെട്ട ജയേട്ടൻ, കാണാതായ ജേഷ്ഠൻ, വിഷ്ണു അങ്ങനെ പതിനാലോളം പേർ. അതുകഴിഞ്ഞു വീട്ടിലെത്തി കുളി കഴിഞ്ഞു തണുപ്പുമാറ്റാൻ ചായ കുടിക്കാൻ നിന്നു

ജയേട്ടനും.അനീഷേട്ടനും ഞങ്ങളെ കാത്തുനിൽക്കാതെ നൂറ്മീറ്റർ അപ്പുറത്തേക്ക് ആളുകളോട് മാറാൻ വേണ്ടി പറയാൻ പോയത് പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സനീഷ് കാറുമായി ആകെബഹളവുമായി വന്നു കാറിൽ നിറയെ ആളുകളായിരുന്നു കൂട്ടത്തിൽ CC പ്രകാശേട്ടനും ഭാര്യയും രണ്ട് കുട്ടികളും ഇവർ നാല് പേരും മണ്ണിൽ കുളിച്ചായിരുന്നു വന്നിരുന്നത് നിലവിളിക്കുന്നുണ്ടായിരുന്നു സകുപ്പാപ്പനും ശ്രീധരൻ വല്യച്ചനും വല്യമ്മയും അവിടെ വീട്ടിൽ കുടുങ്ങിയെന്നും പറഞ്ഞു ഉടൻതന്നെ കുട്ടികൾക്ക് വീട്ടിൽ നിന്നും തുണി മാറാൻ കൊടുത്തു ഞങ്ങൾ എട്ട് പത്തു പേർ ഉരുൾ പൊട്ടിയ സ്ഥലത്തേക്ക് പോയി അവിടെ നിന്നും പന്തിയല്ലാത്ത ശബ്ദം കേട്ടപ്പോൾ ഞങ്ങൾ തിരികെ പൊന്നു ഞങ്ങൾ ചായ കുടിക്കാൻ നിന്നില്ലായിരുന്നെങ്കിൽ അനീഷേട്ടന്റെ വിഷ്ണുവിന്റെ ബാക്കിയുള്ളവരുടെ കൂടെ ഒരുപക്ഷേ ഞങ്ങളും മണ്ണിനടിയിൽ ആയിരുന്നേനെ. തുടിമുട്ടിയിലേക്ക് ഞങ്ങൾ പോകാതെ കവളപ്പാറ ഭാഗത്തേക്ക് പോയിരുന്നെങ്കിൽ ഒരുപാട് ജീവനുകൾ കൂടെയുണ്ടാകുമായിരുന്നു എന്നോർക്കുമ്പോൾ അതിലേറെ സങ്കടമാണ്.

ശേഷം അരകിലോമീറ്ററോളം നടന്നിട്ടാണ് മൊബൈൽ റെയ്ഞ് കിട്ടിയത് എല്ലാവരും കോളുകൾ ചെയ്യുന്നുണ്ട് ആർക്കും കാൾ വിളിക്കാൻ പറ്റണില്ല ലൈനുകളൊക്കെ ബിസിയാണ് നെറ്റ് ചെറുതായി കിട്ടുമായിരുന്നു ആ സമയത്താണ് ഞാൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടത് കവളപ്പാറയിൽ ഉരുൾപൊട്ടിയെന്നു മണിക്കൂറുകളോളം കൂടെയുണ്ടായിരുന്ന ജയേട്ടനെയും അനീഷേട്ടനെയും കാണാതായപ്പോൾ ആകെ അങ്കലാപ്പിലായി ഞങ്ങൾ പിന്നെ പത്തുമണിക്ക് ശേഷം ഉരുൾ പൊട്ടിയ സ്ഥലത്തു പോയി തട്ടാൻ റോഡിൽ റബർ മരങ്ങൾ കണ്ടു ഞങ്ങളെല്ലാവരും തട്ടാൻ ബാലേട്ടന്റെ റബർതോട്ടതിന്മുകളിലേക്ക് കയറി വീണുകിടക്കുന്ന റബർ മരത്തിന്റെ മുകളിലൂടെ ഉരുൾ പൊട്ടിയ മണ്ണിലേക്ക് ചാടി ഒരുകാൽ പൂർണമായും താണുപോയി പിന്നീട് ടോർച്ചുഅടിച്ചുനോക്കിയപ്പോൾ തളർന്നുപോയി കാരണം ലൈറ്റ് എത്തുന്നിടത്തോളം ദൂരം നോക്കിയാൽ കാണാം JCB മണ്ണ് നിരത്തിയത് പോലെ ആകെ തകർന്നുപോയി ഉറ്റവരും ഉടയവരും നിന്നിരുന്ന വീടും പ്രദേശവും എല്ലാം കാലിയായി കിടക്കുന്നു തിരികെ താഴേക്ക് ഇറങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല ഞങ്ങൾക്ക് എന്ത് ചെയ്യണം എങ്ങനെ ചെയ്യണം തിരികെ വീട്ടിലെത്തി കിടന്നും നടന്നും ഇരുന്നും നേരം വെളുപ്പിച്ചു പിന്നീട് രാവിലെ കണ്ടത് ഹൃദയം നിറങ്ങുന്ന കാഴ്ചകളാണ് വൈകാതെ തന്നെ ഒരുകിലോമീറ്ററോളം നടന്നു നെറ്റ് വർക്ക് ഉള്ളിടത്തു വന്നു കാൾചെയ്യാൻ ആവതും ശ്രമിച്ചു നടക്കുന്നില്ല. 100,101,112, പോത്തുകല്ലുപോലീസ് സ്റ്റേഷൻ കാൾ പോകാതെ വന്നപ്പോഴാണ് രാവിലെ 7am ന് ഫേസ്ബുക്ക് പോസ്റ്റിട്ടത് സഹായിക്കണമെന്ന് പറഞ്

ഉദ്ധ്യോഗസ്ഥരുടെയോ അധികാരികളുടെയോ ഭാഗത്തു നിന്ന് ഒരു അറിയിപ്പും ഉണ്ടായിട്ടില്ല അപകടം നടന്ന സഥലത്തു ഒരുവീടിലും അറിയിപ്പ് കൊടുത്തിട്ടും ഇല്ല രണ്ട് പോലീസുകാർ വീടിന്റെ അവിടെ വരെ നന്നിരുന്നു സംഭവം നടക്കുന്നതിന്റെയന്ന് ഉച്ചക്ക് അപ്പോൾ ഞങ്ങൾ കവളപ്പാറ മുകളിലേക്കുള്ള റോഡിലേക്ക് വീണ മരം മുറിക്കുകയും റോഡിലെ മണ്ണ് നീക്കുകയുമായിരുന്നു അവരവിടെനിന്നു മടങ്ങിപ്പോയി നേരെ പനങ്കയത്തെക്കു ശേഷം അവർക്കും വരാൻ കഴിഞ്ഞില്ല തുടിമുട്ടിയിൽ വെള്ളം ഉയർന്നതിനാൽ മറിച്ചുള്ള വാർത്ത തികച്ചും നുണയാണ് വസ്തുതവിരുദ്ധമാണ് രാത്രി 8മണിക്ക് ദുരന്തം സംഭവിച്ചിട്ടു പിറ്റേദിവസം 12 മണിയോടെയാണ് സംഭവസ്ഥലത്തേക്ക് വാഹനങ്ങൾ മാധ്യമങ്ങൾ വരാൻ തുടങ്ങിയത് അത്രക്ക് താറുമാറായികിടക്കുകയായിരുന്നു റോഡും പാലവും. സംഭവം നടന്ന് 16 മണിക്കൂർ കഴിഞ്ഞാണ് വാഹനങ്ങൾ എത്തുന്നത് പിന്നെന്ത് രക്ഷാപ്രവർത്തനം. അറിയിപ്പ് നൽകിയെന്ന് ചാനലിൽ പറയുന്ന ചിലർ ആറും ഏഴും കിലോമീറ്റർ അപ്പുറത്തുള്ളവർ ആണ് അവരും 16 മണിക്കൂറിന് ശേഷം ആണ് അവർ അവിടെയെത്തിയത് അവരെ നേരിൽ കണ്ടാൽ ചോദിക്കാൻ നിൽക്കുകയാണ് ജീവനോടെയുള്ളവർ.

കൂടെ രാത്രി ഞാനെടുത്ത ഫോട്ടോയും ഇടുന്നു.മനസ്സ് വിങ്ങി പൊട്ടുന്നുണ്ടായിരുന്നു അനീഷേട്ടനെ കാണാനില്ല രക്ഷപെട്ടു വന്ന ജയേട്ടൻ പറഞ്ഞു മ്മളെ അനീഷ് പോയെടാ ഏടത്തിയെയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയും കൊണ്ട് വെള്ളിമുറ്റത്തേക്ക് പോയപ്പോൾ പലതവണ കണ്ണ് നിറഞ്ഞു പിന്നീട് വല്യമ്മയെയും നടക്കാൻ പോലും കഴിയാത്തവല്യച്ചനെയും കൊണ്ട് ഉപ്പടക്ക് പോയപ്പോൾ എല്ലാം മനസ്സിലൊതുക്കി മൂന്നാമത്തെ ട്രിപ്പ് എന്റെ വീട്ടിലുള്ളവരെ മറ്റൊരിടത്തേക്ക് മാറ്റി ശേഷം ഒന്ന് ഒന്ന് രണ്ടു കോളുകൾ വന്നപ്പോഴേക്കും( Vishnu N Venugopal, സുബിൻ കക്കുഴി) എന്റെ സങ്കടം അണപൊട്ടിയൊഴുകി കുറെ കരഞ്ഞു കുറേനേരം അവിടെ നിർത്തിയിട്ടാണ് തിരികെപോന്നത്.

Exit mobile version