നിലമ്പൂർ വെള്ളത്തിനടിയിൽ എംഎൽഎ സുഖവാസത്തിലെന്ന് പോസ്റ്റ്; താങ്കൾക്ക് ആളുമാറി; രാഹുലിനെയാണോ ഉദ്ദേശിച്ചതെന്ന് പിവി അൻവർ; ‘പോസ്റ്റ്മാനെ’ തേച്ചൊട്ടിച്ച് കമന്റുകളും

പിവി അൻവറിനെതിരെ വ്യാജപ്രചാരണം നടത്താനുള്ള ശ്രമങ്ങളും സോഷ്യൽമീഡിയയിൽ അരങ്ങേറുകയാണ്.

മലപ്പുറം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ നിലമ്പൂരും പരിസരവും വെള്ളത്തിനടിയിൽ. താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം കയറിയ വീടുകളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് സന്നദ്ധപ്രവർത്തകരും ഫയർഫോഴ്‌സും ഇപ്പോഴും. ഇതിനിടെ രാഷ്ട്രീയ മുതലെടുപ്പിനായി സ്ഥലം എംഎൽഎ പിവി അൻവറിനെതിരെ വ്യാജപ്രചാരണം നടത്താനുള്ള ശ്രമങ്ങളും സോഷ്യൽമീഡിയയിൽ അരങ്ങേറുകയാണ്.

നാട് വെള്ളത്തിൽ മുങ്ങുമ്പോൾ എംഎൽഎ സുഖവാസത്തിലാണെന്ന വ്യാജവാർത്ത പ്രചരിപ്പിക്കാൻ ശ്രമിച്ച യുഡിഎഫ് പ്രവർത്തകന് ചുട്ടമറുപടി നൽകി കൊണ്ട് പിവി അൻവർ തന്നെ രംഗത്തെത്തി. ‘നാട് വെള്ളത്തിൽ. എംഎൽഎ എവിടെ? സുഖവാസത്തിൽ ഇരിക്കാതെ പുരത്തുവരണം മിസ്റ്റർ’- എന്ന ‘എന്റെ നിലമ്പൂർ’ ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റിനാണ് രാഹുൽഗാന്ധിയുടെ പാർലമെന്റിൽ ഇരുന്ന് ഉറങ്ങുന്ന ചിത്രം സഹിതം പിവി അൻവർ മറുപടി നൽകിയിരിക്കുന്നത്.

‘പോസ്റ്റുമാൻ സുഹൃത്തേ,താങ്കൾക്ക് ആളു മാറിയതാവും. നിങ്ങൾ ഉദ്ദേശിച്ച ആൾ ഞാനല്ല; ഇദ്ദേഹമാവും. എംഎൽഎ അല്ല, നിലമ്പൂർ ഉൾപ്പെടുന്ന വയനാട് മണ്ഡലത്തിലെ എംപി എന്ന് എഴുതൂ. പിവി അൻവർ എങ്ങും സുഖവാസത്തിന് പോയിട്ടില്ല, ജനങ്ങൾക്കൊപ്പം, അവരിൽ ഒരാളായി തന്നെ, മുഴുവൻ സമയവും കൂടെയുണ്ട്. രാവിലെ മുതൽ ജനങ്ങൾക്കൊപ്പമുണ്ട്. എത്താവുന്ന സ്ഥലങ്ങളിൽ എല്ലാം ഓടിയെത്തിയിട്ടുണ്ട്. നിലമ്പൂരിലെ ജനങ്ങൾക്ക് കാര്യങ്ങൾ ബോധ്യമായിട്ടുണ്ട്. ഈ എഴുതി ഇട്ടിരിക്കുന്നതിനൊക്കെ മറുപടി പറയാൻ നിന്നാൽ നന്നാവില്ല. ഇത്രയും തന്നെ ഈ സാഹചര്യത്തിൽ പറയണം എന്ന് കരുതിയതല്ല, നിങ്ങൾ പറയിച്ചതാണ്. ഭാഷയ്ക്കും പരിമിതികൾ ഉണ്ടല്ലോ! ‘ അൻവറിന്റെ മറുപടിയിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ.

പിന്നാലെ, അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി കമന്റുകളും പോസ്റ്റിന് താഴെ കുമിഞ്ഞുകൂടുകയാണ്. വയനാട് എംപിയായ രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ മോശം പ്രകടനത്തെയും പോസ്റ്റിന് താഴെ വിമർശിക്കുകയാണ് സോഷ്യൽമീഡിയ.

പിവി അൻവർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

പോസ്റ്റുമാൻ സുഹൃത്തേ,താങ്കൾക്ക് ആളു മാറിയതാവും.നിങ്ങൾ ഉദ്ദേശിച്ച ആൾ ഞാനല്ല;ഇദ്ദേഹമാവും..എം.എൽ.എ അല്ല,നിലമ്പൂർ ഉൾപ്പെടുന്ന വയനാട് മണ്ഡലത്തിലെ എം.പി എന്ന് എഴുതൂ. പി.വി.അൻവർ എങ്ങും സുഖവാസത്തിന് പോയിട്ടില്ല.. ജനങ്ങൾക്കൊപ്പം,അവരിൽ ഒരാളായി തന്നെ,മുഴുവൻ സമയവും കൂടെയുണ്ട്.

‘എന്റെ നിലമ്പൂർ’എന്ന ഗ്രൂപ്പിൽ അൽപ്പം മുൻപ് വന്ന പോസ്റ്റാണിത്.ഗ്രൂപ്പിന്റെ പേര് എന്റെ നിലമ്പൂർ എന്നാണെങ്കിലും,അംഗങ്ങൾ പാറശാല മുതൽ മഞ്ചേശ്വരം വരെയുള്ള യു.ഡി.എഫ് പ്രവർത്തകരാണ്(പോസ്റ്റിട്ട വ്യക്തി നിലമ്പൂരുകാരൻ ആണ്).അവരെ കൊണ്ട് 10 കമന്റുകൾ ഇടീച്ചാലൊന്നും നിലമ്പൂരിലെ ജനങ്ങളുമായുള്ള എന്റെ ബന്ധം ഇല്ലാതാകില്ല.ഗ്രൂപ്പിൽ നിങ്ങൾ എന്ത് വേണമെങ്കിലും പ്രചരിപ്പിച്ചോളൂ..ആ ഗ്രൂപ്പിലെ അംഗങ്ങൾ അല്ലാത്ത യഥാർത്ഥ നിലമ്പൂരുകാർ എനിക്കൊപ്പമുണ്ട്..

രാവിലെ മുതൽ ജനങ്ങൾക്കൊപ്പമുണ്ട്. എത്താവുന്ന സ്ഥലങ്ങളിൽ എല്ലാം ഓടിയെത്തിയിട്ടുണ്ട്. നിലമ്പൂരിലെ ജനങ്ങൾക്ക് കാര്യങ്ങൾ ബോധ്യമായിട്ടുണ്ട്. ഈ എഴുതി ഇട്ടിരിക്കുന്നതിനൊക്കെ മറുപടി പറയാൻ നിന്നാൽ നന്നാവില്ല .ഇത്രയും തന്നെ ഈ സാഹചര്യത്തിൽ പറയണം എന്ന് കരുതിയതല്ല, നിങ്ങൾ പറയിച്ചതാണ്. ഭാഷയ്ക്കും പരിമിതികൾ ഉണ്ടല്ലോ!

Exit mobile version