ഡിവൈഎസ്പിയെ പോലീസ് സംരക്ഷിക്കുന്നോ..? ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടിസ് പോലും പുറത്ത് വിടാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നതായി ആരോപണം

നെയ്യാറ്റിന്‍കര: യുവാവിന്റെ മരണത്തിന് കാരണമായ ഡിവൈഎസ്പിയെ പോലീസ് സംരക്ഷിക്കുന്നതായി പരാതി. ഒളിവിലായ ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടിസ് പോലും പോലീസ് പുറത്ത് വിടുന്നില്ല. എന്നാല്‍ ഡിവൈഎസ്പി ഹരികുമാറിന് കീഴടങ്ങാന്‍ ഒരുദിവസം കൂടി നല്‍കും എന്നാണ് പോലീസ് ന്യായീകരണം. അന്വേഷണവുമായി സഹകരിക്കണമെന്ന് ഹരികുമാറിനോടാവശ്യപ്പെടാന്‍ ബന്ധുക്കളോട് പോലീസ് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഹരികുമാര്‍ സംസ്ഥാനം വിട്ടെന്ന് സൂചനയുണ്ട്. അറസ്റ്റ് വൈകിക്കാന്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനിലേയും സിപിഎം തിരുവനന്തപുരം ജില്ലാനേതൃത്വത്തിലേയും പ്രബലവിഭാഗങ്ങള്‍ രംഗത്തുണ്ടെന്നാണ് സൂചന.

ഡിജിപിയുടെ മൗനം…

ഡിവൈഎസ്പി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ഇന്റലിജന്‍സ് മൂന്ന് തവണ നല്‍കിയ മുന്നറിയിപ്പും ഡിജിപി ലോക്‌നാഥ് ബഹ്‌റ അവഗണിച്ചു. ഹരികുമാറിന്റ വഴിവിട്ട പോക്കിനെതിരെ ഇന്റലിന്‍ജന്‍സ് രണ്ടുതവണ സ്വന്തം നിലയ്ക്കും ഒരുതവണ ഡിജിപി ആവശ്യപ്പെട്ടിട്ടുമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഡിവൈഎസ്പിയുടെ വഴിവിട്ട ഇടപാടുകള്‍ക്കെതിരെ പരാതി ഉയര്‍ന്നപ്പോഴായിരുന്നു ഇന്റലിജന്‍സിന്റ ഇടപെടല്‍. ആദ്യ റിപ്പോര്‍ട്ട് 2017 ജൂണ്‍ 22ന്. ഉള്ളടക്കം ഇങ്ങനെ. നെയ്യാറ്റിന്‍കരയില്‍ എസ്‌ഐ ആയിരുന്ന കാലം മുതല്‍ കൊടുങ്ങാവിളയിലെ സ്വര്‍ണവ്യാപാരിയായ ബിനുവിന്റ വീട്ടില്‍ ഹരികുമാര്‍ നിത്യസന്ദര്‍ശകനാണ്. ഇരുവരും തമ്മിലുള്ള ബന്ധം ദുരൂഹതയുണ്ട്. നാട്ടുകാര്‍ക്കെല്ലാം ഇതറിയാം.

ഡിവൈഎസ്പിയുടെ അവിഹിത ബന്ധങ്ങള്‍ ചൂണ്ടിക്കാണിച്ച് വിഎസ്ഡിപി പരാതി നല്‍കിയപ്പോഴായിരുന്നു ഇന്റലിജന്‍സിന്റ രണ്ടാമത്തെ മുന്നറിയിപ്പ്. 2018 ഏപ്രില്‍ മൂന്നിന്. ഇതിലും നടപടിയൊന്നുമുണ്ടായില്ല. പരാതികള്‍ വ്യാപകമായതോടെ ഡിജിപി ലോക്‌നാഥ് ബഹ്‌റ തന്നെ നേരിട്ട് ഇന്റലിജന്‍സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏപ്രില്‍ 25ന് ഇന്റലിജന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം ഹരികുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ഡിവൈഎസ്പി സ്ഥാനത്ത് നിന്ന് നീക്കണമെന്നുമായിരുന്നു.

Exit mobile version