യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടാന്‍ ശ്രമം; ഗ്രാഫിക് ഡിസൈനറായ യുവാവിനെ പോലീസ് ഓടിച്ചിട്ട് പിടിച്ചു!

നഗ്നചിത്രങ്ങള്‍ യുവതിയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചു. ഇവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

ഏറ്റുമാനൂര്‍: യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂര്‍ മഠത്തില്‍പറമ്പില്‍ അനീഷിനെയാണ് (29) പോലീസ് പിടികൂടിയത്. വില്ലേജ് ഓഫീസിനു സമീപം ഗ്രാഫിക്‌സ് ഡിസൈനിങ് സ്ഥാപനം നടത്തിവരുകയായിരുന്നു. മറ്റൊരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന പരിചയത്തിലുള്ള യുവതിയുടെ ചിത്രങ്ങളാണു മോര്‍ഫ് ചെയ്തത്. നഗ്നചിത്രങ്ങള്‍ യുവതിയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചു. ഇവ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ 5 ലക്ഷം രൂപ അനീഷ് ആവശ്യപ്പെട്ടെന്നു പോലീസ് പറഞ്ഞു. ഡിവൈഎസ്പി ആര്‍ ശ്രീകുമാറിനു ലഭിച്ച പരാതിയില്‍ പോലീസ് വിദഗ്ധമായിട്ടാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ നിര്‍ദേശപ്രകാരം ഇന്നലെ യുവതി അനീഷിന്റെ വാട്‌സ്ആപ്പ് നമ്പരിലേക്ക് സന്ദേശമയച്ചു. പണവുമായി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എത്താമെന്നായിരുന്നു സന്ദേശം. അനീഷ് പിന്നീട് വാട്‌സ്ആപ്പ് വഴി നല്‍കിയ നിര്‍ദേശം അനുസരിച്ച് വില്ലേജ് ഓഫീസ് റോഡില്‍ യുവതിയെത്തി.

പണം കൈമാറാനുള്ള സ്ഥലം നിര്‍ദേശിച്ചശേഷം മാറിനിന്ന അനീഷിനെ പോലീസ് വളഞ്ഞുപിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഓപ്പറേഷന്‍ ഗുരുകുലം കോ ഓര്‍ഡിനേറ്റര്‍ കെആര്‍ അരുണ്‍കുമാറിന്റെ നേതൃത്വത്തിലാണ് അനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസിന് നിരവധി യുവതികളുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ കണ്ടെത്തി. അനീഷിനെ സ്ഥാപനത്തിലെത്തിച്ചും പോലീസ് തെളിവെടുപ്പു നടത്തി.

Exit mobile version