ഗോത്രവര്‍ഗ്ഗക്കാര്‍ മൃതദേഹം ഒളിപ്പിച്ചു..! അലന്റെ മൃതദേഹം തിരിച്ചു കിട്ടാന്‍ ആദിവാസികള്‍ക്ക് ഓഫര്‍ ചെയ്തത് നാളികേരവും, ഇരുമ്പ് കഷണങ്ങളും; ശ്രമം ഊര്‍ജ്ജിതം

പോര്‍ട്ട് ബ്ലയര്‍: കഴിഞ്ഞ ദിവസം ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട യുഎസ് പൗരന്റെ മൃതദേഹം വിട്ടുനല്‍കാതെ ഗോത്രവര്‍ഗ്ഗക്കാര്‍ എന്നാല്‍ മൃതദേഹം വീണ്ടെടുക്കാനുള്ള ഊര്‍ജ്ജിത ശ്രമം നടക്കുകയാണ്. ഗോത്രവര്‍ഗക്കാര്‍ കൊലപ്പെടുത്തിയ അലന്റെ മൃതദേഹം ഇപ്പോള്‍ ദ്വീപില്‍ തന്നെയാണ് ഉളളത്.

മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് അലന്‍ ദ്വീപിലെത്തിയത്. ഇവര്‍ക്ക് 25000 രൂപയും അലന്‍ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. അലനെ ഗോത്രവര്‍ഗ്ഗക്കാര്‍ അമ്പെയ്യുന്നതും മൃതദേഹം വലിച്ചുകൊണ്ടുപോയി കുഴിച്ചുമൂടുന്നതും കണ്ടത് ഇതേ മത്സ്യത്തൊഴിലാളികള്‍ തന്നെയാണ്.

ഇപ്പോള്‍ അലന്റെ മൃതദേഹം ഗോത്രവര്‍ഗ്ഗക്കാരില്‍ നിന്ന് വീണ്ടെടുക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് പ്രശസ്ത നരവംശ ശാസ്ത്രഞ്ജനായ ടിഎന്‍ പണ്ഡിറ്റ് മുന്നോട്ടു വന്നിരിക്കുന്നു. 1966ലും 1991ലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ പ്രവേശിച്ച് ഗോത്രവര്‍ഗക്കാരുമായി ഇടപെട്ടിട്ടുളള അനുഭവത്തിന്റെ വെളിച്ചത്തിലാണ് 83 കാരനായ പണ്ഡിറ്റ് നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടു വന്നത്. ഇന്ത്യയുടെ നരവംശശാസ്ത്ര സര്‍വേയുടെ ഭാഗമായിട്ടായിരുന്നു അതിസാഹസികമായ ദൗത്യത്തിന് അദ്ദേഹം അന്ന് മുതിര്‍ന്നത്. നാളികേരം, ഇരുമ്പ് കഷണങ്ങള്‍ എന്നിവ സെന്റിനെലസ് ഗോത്രവര്‍ഗക്കാര്‍ക്ക് സമ്മാനമായി നല്‍കി അവരെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ ആദ്യനിര്‍ദേശം.

ഉച്ചയ്‌ക്കോ വൈകുന്നേരമോ സാധാരണക്കാരുടെ ചെറിയ സംഘം തീരത്തേക്ക് പോയാല്‍ ഗോത്രവര്‍ഗ്ഗക്കാര്‍ തീരത്ത് ഉണ്ടാകില്ലെന്നും ആ സമയത്ത് തേങ്ങയും ഇരുമ്പും സമ്മാനമായി നല്‍കിയാല്‍ മൃതദേഹം എടുക്കാന്‍ നമ്മളെ അവര്‍ അനുവദിക്കുമെന്നും പണ്ഡിറ്റ് പറയുന്നു. അമ്പെയ്ത്ത് എത്താത്ത ദൂരത്ത് ബോട്ട് നിര്‍ത്തണം. പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായവും തേടുന്നത് നന്നായിരിക്കും പണ്ഡിറ്റ് പറഞ്ഞു. 2015 വരെ കേന്ദ്ര ആദിവാസി വികസന മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന പണ്ഡിറ്റിനെ കേള്‍ക്കുന്നത് ഉചിതമായിരിക്കുമെന്നാണ് നിലപാടിലാണ് നരവംശ ശാസ്തജ്ഞര്‍.

അതേസമയം ഈ വിഭാഗക്കാരെ ശത്രുവായി കാണരുതെന്നും പണ്ഡിറ്റ് വ്യക്തമാക്കി. അവരുടെ പ്രദേശത്ത് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച നമ്മള്‍ കൈയ്യേറ്റക്കാരാണ്. അവര്‍ അവരുടെ രക്ഷ നോക്കുകയാണ് ചെയ്തത്. ആദ്യത്തെ തവണ അമ്പെയ്തപ്പോള്‍ തന്നെ അദ്ദേഹം ശ്രദ്ധിക്കണമെന്നായിരുന്നു. സംഭവിച്ചത് ദൗര്‍ഭാഗ്യകരമായി പോയെന്നും പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

”എനിക്ക് പേടിയാകുന്നു. ഈ സൂര്യാസ്തമയക്കാഴ്ച മനോഹരമാണ്, കരച്ചില്‍ വരുന്നു എനിക്ക്. ഞാന്‍ കാണുന്ന അവസാനത്തെ സൂര്യാസ്തമയമാകുമോ ഇതെന്ന് ഞാന്‍ ഭയക്കുന്നു”, ഇരുപത്തിയാറുകാരനായ ജോണ്‍ അലന്‍ ചൗ അവസാനമായി കുറിച്ച വാക്കുകളാണിവ. എന്നാല്‍ ഇയാള്‍ സ്വയം മരണം വിളിച്ച് വരുത്തിയെന്നാണ് എല്ലാവരും കുറ്റപ്പെടുത്തുന്നത്. ആദ്യതവണ അലന്റെ ബൈബിളിലാണ് അമ്പ് കൊണ്ടത്. അന്ന് മടങ്ങിയ അലന്‍ വീണ്ടും ദ്വീപിലേക്ക് മടങ്ങിച്ചെല്ലാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നിയമം പോലും അങ്ങോട്ട് ആളുകളെ വിലക്കുന്നു.

ആളുകള്‍ കയറാത്ത ദ്വീപ് നിവാസികളെ മതപരിവര്‍ത്തനം ചെയ്യുകയായിരുന്നു അലന്റെ ഉദ്ദേശ്യം. ”ദൈവമേ, ഇവിടെയുള്ള ആരും നിന്റെ നാമം കേട്ടിട്ടില്ല. ഇത് സാത്താന്റെ അവസാനത്തെ കോട്ടയാണോ?” അലന്റെ ഡയറിക്കുറിപ്പില്‍ പറയുന്നു. നൂറ്റാണ്ടുകളായി പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ദ്വീപിലെ നിവാസികള്‍. ദ്വീപിന് സമീപത്ത് പട്രോള്‍ നടത്തുന്ന നാവികസേനയെ അകറ്റിനിര്‍ത്താനുള്ള ആസൂത്രിതശ്രമങ്ങള്‍ അലന്‍ നടത്തിയതായും ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു. ”ദൈവം തന്നെയാണ് നാവികസേനയില്‍ നിന്ന് അവരുടെ പട്രോളില്‍ നിന്നും ഞങ്ങളെ മറച്ചുപിടിക്കുന്നത്”, അലന്‍ കുറിച്ചു.

അതേസമയം ജോണ്‍ അല്ലന്‍ ചൗവിന്റെ മരണത്തിനു കാരണക്കാരായവരോട് തങ്ങള്‍ ക്ഷമിച്ചതായി ചൗവിന്റെ കുടുംബം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. മരണത്തെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത ഏഴു മത്സ്യത്തൊഴിലാളികളെ വിട്ടയക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ആന്‍ഡമാന്‍ നിക്കോബാര്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലയറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് ഉത്തര സെന്റിനല്‍ ദ്വീപ്.

Exit mobile version