എട്ടു വർഷം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരായി വിലസി; പണവും പിടുങ്ങി; ഒടുവിൽ ബി ടെക് ബിരുദധാരിയും സുഹൃത്തും പിടിയിൽ

നോയിഡ: ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് താഴെത്തട്ടിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പണം തട്ടിയെടുത്തിരുന്ന യുവാക്കൾ പിടിയിൽ. ഉത്തർപ്രദേശിലാണ് സംഭവം. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടുപേരെ പോലീസ് പിടികൂടുകയായിരുന്നു. എട്ടുവർഷമായി പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരെ വിദഗ്ദമായി പറ്റിച്ച ബി ടെക്ക് ബിരുദധാരിയും സുഹൃത്തായ ബി കോം ബിരുദധാരിയുമാണ് പിടിയിലായത്. എട്ടു വർഷമായി ഇവർ ഇത്തരത്തിൽ തട്ടിപ്പു നടത്തുകയായിരുന്നെന്ന് നോയിഡ പോലീസ് പറഞ്ഞു.

ഗൗരവ് മിശ്ര, അശുതോഷ് റാഠി എന്നിവരാണ് പോലീസ് പിടിയിലായത്. ഗൗരവ് ബി.ടെകും അശുതോഷ് ബി.കോമും ബിരുദധാരികളാണ്. പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ മുന്നിൽ പലതവണ പെട്ടുപോയിട്ടും ഇവർ രക്ഷപ്പെട്ടിരുന്നത് ഐപിഎസ്-ഐഎഎസ് ബാഡ്ജുകൾ, പോലീസ് യൂണിഫോം, വ്യാജ ഐഡി കാർഡുകൾ എന്നിവ പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു. സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ. ഇവരിൽനിന്ന് വ്യാജ സർവീസ് ചിഹ്നങ്ങൾ പോലീസ് പിടിച്ചെടുത്തു.

പണം നൽകിയില്ലെങ്കിൽ സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തി ഇവർ പോലീസുകാരെ പലതവണ പറ്റിച്ചത് സേനയ്ക്ക് തന്നെ നാണക്കേടായിരിക്കുകയാണ്.

Exit mobile version