കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും വേണ്ട; ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടയിലാണ് രാഹുലിന്റെ ഇടപെടല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും ആരെയും നിയമിക്കരുതെന്ന് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഇതു സംബന്ധിച്ച് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും വേണ്ടെന്ന നിര്‍ദേശം രാഹുല്‍ ആവര്‍ത്തിച്ചത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്കയെ തെരഞ്ഞെടുക്കണമെന്ന ആവശ്യം ശക്തമാവുന്നതിനിടയിലാണ് രാഹുലിന്റെ ഇടപെടല്‍. അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പല ഭാഗങ്ങളില്‍ നിന്നായി പ്രിയങ്കയുടെ പേര് ഉയര്‍ന്നത്. അമരിന്ദര്‍ സിങ്, കരണ്‍ സിങ്, ശശി തരൂര്‍ എന്നിവര്‍ പരസ്യമായിത്തന്നെ ഇക്കാര്യം ആവശ്യപ്പെട്ടു.

എന്നാല്‍ ഗാന്ധി കുടുംബത്തില്‍ നിന്നും ആ സ്ഥാനത്തേക്ക് ആരേയും നിയമിക്കരുതെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. അതേസമയം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതില്‍ താന്‍ പേരുകളൊന്നും നിര്‍ദേശിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാഹുലിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ നീളുന്ന സാഹചര്യത്തില്‍ രണ്ടു ദിവസത്തിനകം പാര്‍ട്ടി ഇടക്കാല പ്രസിഡന്റിനെ തെരഞ്ഞെടുത്തേക്കുമെന്നാണ് സൂചനകള്‍. ഈയാഴ്ച അവസാനത്തോടെ കോണ്‍ഗ്രസിന് ഇടക്കാല പ്രസിഡന്റ് വരുമെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Exit mobile version