രാജ്യത്ത് നല്ല റോഡുകള്‍ വേണോ? എന്നാല്‍ ജനങ്ങള്‍ ടോള്‍ കൊടുക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി ഗഡ്കരി

ന്യൂഡല്‍ഹി: രാജ്യത്ത് നല്ല റോഡുകള്‍ വേണമെങ്കില്‍ ജനങ്ങള്‍ ടോള്‍ കൊടുക്കാനും തയ്യാറാകേണ്ടിവരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാരിന്റെ കയ്യില്‍ ആവശ്യമായ തുക ഇല്ലെന്നും അതിനാല്‍ ടോള്‍ സംവിധാനം തുടരും എന്നും നിതിന്‍ ഗഡ്കരി ലോക്സഭയില്‍ സംസാരിക്കവെ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ 40,000 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

ടോള്‍ പിരിക്കുന്നതിനെക്കുറിച്ച് ലോക്സഭയില്‍ ചില അംഗങ്ങള്‍ പ്രകടിപ്പിച്ച ആശങ്കയ്ക്ക് മറുപടി നല്‍കുകയായിരുന്നു നിതിന്‍ ഗഡ്കരി. പണം കൊടുക്കാന്‍ ശേഷിയുള്ള മേഖലകളിലാണ് ഇത്തരത്തില്‍ ടോള്‍ പിരിവുകള്‍ നടത്തുന്നത്. ഇതുവഴി ലഭിക്കുന്ന പണം ഉള്‍നാടുകളിലും മലയോര മേഖകളിലും റോഡുകള്‍ നിര്‍മ്മിക്കാനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കലാണ് റോഡ് വികസനത്തിനെ എതിര്‍ക്കുന്നത്. ഇക്കാര്യത്തിനായി ആവശ്യമായ നടപടി സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യണം. പശ്ചിമബംഗാളിലും ബിഹാറിലും ഭൂമി ഏറ്റെടുക്കല്‍ നടപടി സാവധാനമാണ് നടക്കുന്നത് എന്നും ഗഡ്കരി വിമര്‍ശിച്ചു.

Exit mobile version