ഓപ്പറേഷന്‍ താമര: രാജിവച്ച കര്‍ണാടക എംഎല്‍എമാരെ ബിജെപി ഗോവയിലേക്ക് മാറ്റുന്നു, യാത്ര ബിജെപി എംപിയുടെ വിമാനത്തില്‍

ബംഗളൂരു: കര്‍ണാടക സര്‍ക്കാറിനെ താഴെയിറക്കാനുള്ള ബിജെപിയുടെ ഓപ്പറേഷന്‍ താമര വീണ്ടും സജീവം. രാജി സമര്‍പ്പിച്ച കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരില്‍ 10 പേര്‍ മുംബൈയിലെത്തി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് പത്ത് എംഎല്‍എമാര്‍ മുംബൈയില്‍ വിമാനമിറങ്ങിയത്. അല്‍പസമയത്തിനകം ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എംഎല്‍എമാരെ ബിജെപി ഗോവയിലെ റിസോര്‍ട്ടിലേക്ക് മാറ്റുകയാണ്.

ഹൈക്കമാന്റിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ബെംഗളുരുവിലേക്ക് എത്തിയ കെസി വേണുഗോപാല്‍ എച്ച്എഎല്‍ വിമാനത്താവളത്തില്‍ വച്ച് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി.

അതേസമയം, കര്‍ണാടകയിലെ കൂട്ടരാജിക്ക് പിന്നില്‍ തങ്ങളെല്ലെന്ന് ബിജെപി ആവര്‍ത്തിക്കുമ്പോഴും രാജിവെച്ച എംഎല്‍എമാരുടെ യാത്ര ബിജെപി എംപിയുടെ വിമാനത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയുടെ രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് പത്ത് എംഎല്‍എമാരും മുംബൈയിലെത്തിയത്. കര്‍ണാടകയിലെ നിലവിലെ സംഭവവികാസങ്ങളില്‍ തനിക്കോ ബിജെപിക്കോ പങ്കില്ലെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.

Exit mobile version