‘കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുനിഞ്ഞാല്‍ ബിജെപി എംഎല്‍എമാരെ 48 മണിക്കൂറിനകം മറുകണ്ടം ചാടിക്കാന്‍ തനിക്ക് അറിയാം’; ബിജെപിയെ വിറപ്പിച്ച് കുമാരസ്വാമിയുടെ വെല്ലുവിളി

സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടരുന്നതിനിടെ 48 മണിക്കൂറിനകം ബിജെപി എംഎല്‍എമാരെ മുഴുവന്‍ മറുകണ്ടം ചാടിക്കാന്‍ തനിക്കാകുമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.

ബംഗളൂരു: കര്‍ണാടകയിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടരുന്നതിനിടെ 48 മണിക്കൂറിനകം ബിജെപി എംഎല്‍എമാരെ മുഴുവന്‍ മറുകണ്ടം ചാടിക്കാന്‍ തനിക്കാകുമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കര്‍ണാടകയില്‍ യാതൊരു പ്രശ്നവുമില്ല. 48 മണിക്കൂറിനകം ബിജെപി എംഎല്‍എമാരെ പുറത്തെത്തിക്കാന്‍ തനിക്ക് കഴിയുമെന്നും കുമാരസ്വാമി വെല്ലുവിളിച്ചു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയിലെ സഖ്യസര്‍ക്കാരിനെ താഴെയിറക്കാനാണ് ബിജെപി നിരന്തരം ശ്രമിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന് എല്ലാ എംഎല്‍എമാരുടെയും പിന്തുണയുണ്ട്. എപ്പോള്‍ വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗമായ ചില കോണ്‍ഗ്രസ് എംഎല്‍എമാരും സ്വതന്ത്രരും പിന്തുണ പിന്‍വലിച്ച് മുംബൈയിലേക്ക് നീങ്ങിയതോടെയാണ് കര്‍ണാടകയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. ഇതിന് പിന്നാലെ ബിജെപി തങ്ങളുടെ എല്ലാ അംഗങ്ങളെയും ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ കളമറിഞ്ഞ് കളിച്ച കോണ്‍ഗ്രസിന് തങ്ങളുടെ ചില എംഎല്‍എമാരെ തിരിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞു.

അതേസമയം, കര്‍ണാടകയിലെ അഗ്നിപര്‍വതം ഏത് നിമിഷവും പൊട്ടിത്തെറിക്കുമെന്നായിരുന്നു ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയുടെ പ്രതികരണം.

Exit mobile version