റാഞ്ചാന്‍ ബിജെപി; കാലുമാറാനൊരുങ്ങി എംഎല്‍എമാര്‍! കര്‍ണാടകയിലെ കോണ്‍ഗ്രസ് 75 എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി; പിന്നില്‍ മോഡിയും അമിത്ഷായുമെന്ന് സിദ്ധരാമയ്യ

കര്‍ണാടകയില്‍ ബിജെപിയുടെ അട്ടിമറി ഭീഷണി നിലനില്‍ക്കെ, വീണ്ടും റിസോര്‍ട്ട് നാടകം.

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിയുടെ അട്ടിമറി ഭീഷണി നിലനില്‍ക്കെ, വീണ്ടും റിസോര്‍ട്ട് നാടകം. വിധാന്‍ സൗധയില്‍ നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുത്ത എല്ലാ എംഎല്‍എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റി. യോഗത്തിന് ശേഷമാണ് ടൂറിസ്റ്റ് ബസില്‍ ബംഗളൂരുവിന് സമീപമുള്ള ഈഗിള്‍ടണ്‍ റിസോര്‍ട്ടിലേക്ക് 75 എംഎല്‍എമാരെയും മാറ്റിയത്. കര്‍ണാടക പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും എംഎല്‍എമാര്‍ക്കൊപ്പം ബസ്സിലുണ്ട്. കോണ്‍ഗ്രസിന് ആകെ 80 എംഎല്‍എമാരാണ് കര്‍ണാടകയിലുള്ളത്. ഇതില്‍ ഒരാള്‍ സ്പീക്കറാണ്.

ഇന്നലെ നടന്ന യോഗത്തില്‍, നാല് വിമത എംഎല്‍എമാര്‍ വിട്ടുനിന്നു. ഉമേഷ് യാദവ്, രമേശ് ജഗര്‍ഹോളി, മഹേഷ് കുമത്തല്ലി, ബി നാഗേന്ദ്ര എന്നിവരാണ് വിട്ടുനിന്നത്. യോഗത്തിന് എത്താതിരുന്ന ബി നാഗേന്ദ്രയും ഉമേഷ് യാദവും അസൗകര്യം അറിയിച്ച് കത്തുനല്‍കിയിരുന്നു. വിമതപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന രമേഷ് ജഗര്‍ഹോളിക്കും കെ മഹേഷിനും കോണ്‍ഗ്രസ് നേതൃത്വം കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.

കര്‍ണാടകയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രിമാരും കര്‍ണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണു ശ്രമിക്കുന്നത്. 50 മുതല്‍ 70 കോടി രൂപ വരെ വാഗ്ദാനം ചെയ്താണ് ഭരണപക്ഷത്തെ എംഎല്‍എമാരെ സമീപിക്കുന്നതെന്നും അതിന് തന്റെ കൈയ്യില്‍ തെളിവുണ്ടെന്നും സിദ്ധരാമയ്യ ആരോപിക്കുന്നു.

Exit mobile version