ജയിലിന്റെ ഇരുമ്പ് വാതില്‍ തകര്‍ത്തു, 22 അടിയുള്ള മതില്‍ ചാടി കടന്നു: കൊടും കുറ്റവാളികള്‍ രക്ഷപ്പെട്ടു, പിടികൂടുന്നവര്‍ക്ക് അന്‍പതിനായിരം പാരിതോഷികം

നീമച്ച: ജയിലിന്റെ ഇരുമ്പ് വാതില്‍ തകര്‍ത്ത് കൂറ്റന്‍ മതിലും ചാടിക്കടന്ന് കൊടും കുറ്റവാളികള്‍ രക്ഷപ്പെട്ടു. മധ്യപ്രദേശിലെ നീമച്ചിലെ കനവാതി സബ്ജയിലിലാണ് സംഭവം.

കൊലപാതകം, മാനഭംഗം, ലഹരിമരുന്ന് കടത്ത് എന്നീ കുറ്റങ്ങള്‍ക്കു വിചാരണ നേരിടുന്ന നാല് കൊടുംക്രിമിനലുകളാണു തടവു ചാടിയത്. ലഹരിക്കടത്തിന് വിചാരണ നേരിടുന്ന നര്‍ സിംഗ്, മാനഭംഗത്തിന് ശിക്ഷ അനുഭവിക്കുന്ന ദുബ് ലാല്‍, കൊലപാതകക്കേസില്‍ പ്രതികളായ പങ്കജ് മൊംഗിയ, ലേഖാ റാം എന്നിവരാണു രക്ഷപ്പെട്ടവര്‍.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സെല്ലിന്റെ ഇരുമ്പു വാതില്‍ അറുത്തുമാറ്റി 22 അടി ഉയരമുള്ള മതിലില്‍ കയറുപയോഗിച്ച് തൂങ്ങിക്കയറിയാണ് ഇവര്‍ കടന്നു കളഞ്ഞത്. രണ്ടു പേര്‍ മധ്യപ്രദേശ് സ്വദേശികളും രണ്ടു പേര്‍ രാജസ്ഥാന്‍ സ്വദേശികളുമാണ്.

ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ തടവുകാരെ സന്ദര്‍ശിക്കാന്‍ വന്നവരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രാജസ്ഥാന്‍ അതിര്‍ത്തിയിലും അന്വേഷണ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികവും അധികൃതര്‍ പ്രഖ്യാപിച്ചു.

Exit mobile version