തീവണ്ടികളിലെ മസാജ് സേവനം ഇന്ത്യന്‍ സംസ്‌കാരത്തിന് എതിര്, റെയില്‍വേയുടെ പുതിയ പദ്ധതി തീര്‍ത്തും അനാവശ്യമാണെന്ന് ബിജെപി എംപി

ഇതിലൂടെ വര്‍ഷത്തില്‍ ഏകദേശം 20 ലക്ഷം രൂപയുടെ അധികവരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്

ന്യൂഡല്‍ഹി: തീവണ്ടികളില്‍ യാത്രക്കാര്‍ക്ക് മസാജ് സേവനം ലഭ്യമാക്കാനുള്ള തീരുമാനം നമ്മുടെ സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്ന് ബിജെപി എംപി. വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് മസാജ് സേവനം ലഭ്യമാക്കാന്‍ റെയില്‍വേ തീരുമാനിച്ചിരുന്നു. ഇതില്‍ എതിര്‍പ്പു പ്രകടിപ്പിച്ചു കൊണ്ട് ഇന്ദോര്‍ എംപി ശങ്കര്‍ ലാല്‍വാനിയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

പശ്ചിമ റെയിവേയുടെ ഭാഗമായ രത്‌ലാം ഡിവിഷന്‍ മുന്നോട്ട് വെച്ച ആശയത്തിന്റെ ഭാഗമായി ഇന്ദോറില്‍ നിന്ന് പുറപ്പെടുന്ന 39 തീവണ്ടികളില്‍ യാത്രക്കാര്‍ക്ക് തലയിലും കാലിലും മസാജ് ചെയ്യാനുള്ള സംവിധാനമൊരുക്കുമെന്ന് റെയില്‍വേ വ്യക്തമാക്കിയിരുന്നു. ഈ പദ്ധതിയിലൂടെ നൂറു രൂപ മുതല്‍ മുന്നൂറ് രൂപവരെ ഈടാക്കി വ്യത്യസ്ത നിലവാരത്തിലുള്ള മസാജിങ് സേവനം യാത്രക്കാര്‍ക്ക് നല്‍കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

ഇതിലൂടെ വര്‍ഷത്തില്‍ ഏകദേശം 20 ലക്ഷം രൂപയുടെ അധികവരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. എന്നാല്‍ റെയില്‍വേയുടെ പുതിയ പദ്ധതിക്കെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് ശങ്കര്‍ ലാല്‍വാനി. സ്ത്രീകളുടെ സാന്നിധ്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന് എതിരാണെന്നു കാട്ടി അദ്ദേഹം കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന് കത്തെഴുതി.

തീവണ്ടി യാത്രയ്ക്കിടെ മസാജ് സേവനം ലഭ്യമാക്കാനുള്ള പദ്ധതി കഴിഞ്ഞ ആഴ്ചയാണ് റെയില്‍വേ പ്രഖ്യാപിച്ചത്. വൈദ്യസഹായവും ഡോക്ടര്‍മാരുടെ സേവനവുമെല്ലാം യാത്രക്കാര്‍ക്ക് നല്‍കേണ്ടത് ആവശ്യമാണ്. എന്നാല്‍ മസാജ് പോലുള്ള നിലവാരമില്ലാത്ത സേവനങ്ങള്‍ നല്‍കാന്‍ പാടില്ലെന്നും ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഇത് തീര്‍ത്തും അനാവശ്യമാണെന്നും ശങ്കര്‍ ലാല്‍വാനി പറയുന്നു. സ്ത്രീ സംഘടനകള്‍ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിക്കഴിഞ്ഞെന്നും അദ്ദേഹം മന്ത്രിക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Exit mobile version