സീറ്റ് നിഷേധിച്ചു: രാജസ്ഥാനിലെ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ജയ്പൂര്‍: രാജസ്ഥാനിലെ ചുരുവില്‍ നിന്നുള്ള ബിജെപി എംപി രാഹുല്‍ കസ്വാന്‍ കോണ്‍ഗ്രസിലേക്ക്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ കസ്വാന് ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കസ്വാന്‍ പാര്‍ട്ടി വിട്ടത്. തന്റെ രാജി വിവരം എക്സില്‍ അദ്ദേഹം പങ്കുവച്ചു.

രാഷ്ട്രീയ കാരണങ്ങളാണ് രാജിക്ക് പുറകിലെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ പത്തുവര്‍ഷം ചുരുവില്‍ നിന്ന് ലോക്സഭയിലെത്താന്‍ സാധിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശീയ പ്രസിഡന്റ് ജെപി നഡ്ഡ എന്നിവര്‍ക്ക് കസ്വാന്‍ നന്ദിയും പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നിന്നും കസ്വാന്‍ ഇന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചേക്കും. രണ്ടുതവണയായി ചുരുവില്‍ വിജയിച്ച സിറ്റിങ് എം.പിയായ രാഹുല്‍ കസ്വാന് പകരം ഇത്തവണ ദേവേന്ദ്ര ഝജാരിയയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇന്നലെ ഹരിയാനയിലെ ഹിസാറില്‍നിന്നുള്ള ബിജെപി എംപി ബ്രിജേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Exit mobile version