റെയില്‍വെ ജോലി ഒഴിവ്; അപേക്ഷകരില്‍ 4.75 ലക്ഷം പെണ്‍കുട്ടികള്‍; കേരളത്തില്‍ നിന്ന് അപേക്ഷിച്ചത് 22,799 പേര്‍

ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ അപേക്ഷിച്ചത് ബിഹാറില്‍നിന്നാണ്

തൃശ്ശൂര്‍: റെയില്‍വെ സാങ്കേതിക വിഭാഗങ്ങളിലേക്ക് അപേക്ഷിച്ച പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്‌നിഷ്യന്‍ തസ്തികകളിലേക്ക് 4.75 ലക്ഷം പെണ്‍കുട്ടികളാണ് അപേക്ഷ സമര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ അപേക്ഷിച്ചത് ബിഹാറില്‍ നിന്നാണ്. കേരളത്തില്‍ നിന്ന് 22,799 പേരും അപേക്ഷ നല്‍കി.

ഇത്തവണയാണ് ഏറ്റവുമധികം പെണ്‍കുട്ടികള്‍ അപേക്ഷിക്കുന്നത്. 72,817 പെണ്‍കുട്ടികളാണ് ബീഹാറില്‍ നിന്ന് റെയില്‍വെ സാങ്കേതിക വിഭാഗങ്ങളിലേക്ക് അപേക്ഷിച്ചത്. മൊത്തം അപേക്ഷകരില്‍ 42.82 ലക്ഷം ആണ്‍കുട്ടികളും 98 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമുണ്ട്. ആദ്യമായാണ് റെയില്‍വെയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ജോലിക്ക് പരിഗണിക്കുന്നത്.

ബിഹാര്‍ കഴിഞ്ഞാല്‍ ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ അപേക്ഷിച്ചത്. ലക്ഷദ്വീപില്‍നിന്ന് ഒരു പെണ്‍കുട്ടി മാത്രമാണ് അപേക്ഷിച്ചത്. മിസോറമില്‍നിന്ന് നാലു പേരും അപേക്ഷ നല്‍കിയിട്ടുണ്ട്.

Exit mobile version