ബംഗാളില്‍ പോരാട്ടം ഇനി കനക്കും; രാഷ്ട്രീയ ചാണക്യന്‍ ഇനി മമതയ്‌ക്കൊപ്പം

കൊല്‍ക്കത്ത: ബംഗാളില്‍ രാഷ്ട്രീയ പോരാട്ടം ഇനി കനക്കും. കാരണം മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കുവേണ്ടി ഇനി രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുക രാഷ്ട്രീയ ചാണക്യന്‍ പ്രശാന്ത് കിഷോറാണ്.

കൊല്‍ക്കത്തയില്‍ ഇരുവരും ചേര്‍ന്ന കൂടികാഴ്ച്ചയ്‌ക്കൊടുവിലാണ് തീരുമാനം. രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ മമതയുടെ തിരഞ്ഞെടുപ്പ് വിജയ പദ്ധതിയുമായി സഹകരിക്കാന്‍ പ്രശാന്ത് സമ്മതിച്ചുവെന്നാണ് അറിയുന്നത്.

അടുത്ത മാസത്തോടെ പ്രശാന്ത് കിഷോര്‍ ഔദ്യോഗികമായി മമതയുടെയും പാര്‍ട്ടിയുടെയും പ്രചാരണത്തിന്റെ ചുമതല ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ബിജെപിയില്‍ നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നതിന് പിന്നാലെയാണിത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച് അധികാരത്തിലെത്തിച്ച തന്ത്രങ്ങളൊരുക്കിയതിന് പ്രശാന്ത് കിഷോര്‍ കളമൊരുക്കുക. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ അട്ടിമറിച്ചാണ് ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡി അധികാരത്തിലെത്തിയത്. 2014ല്‍ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ച പ്രചാരണ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും പ്രശാന്ത് കിഷോറാണ്.

Exit mobile version