‘ഞാന്‍ ഇപ്പോള്‍ തന്നെ അവള്‍ക്കൊപ്പമാണ്’ മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം സുബ്രഹ്മണ്യ സ്വാമി പറയുന്നു, ഇനി തൃണമൂലിനൊപ്പം..?

ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി തൃണമൂല്‍ കോണ്‍ഗ്രസിലേയ്ക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി സാമി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് പുതിയ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. തൃണമൂലിലേക്ക് ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം അനുകൂലമായി പ്രതികരിച്ചു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

”ഞാന്‍ ഇപ്പോള്‍ തന്നെ അവള്‍ക്കൊപ്പമാണ്(മമത ബാനര്‍ജി). ഇനി പ്രത്യേകമായി പാര്‍ട്ടിയില്‍ ചേരേണ്ടതില്ല” സുബ്രമണ്യം സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂല്‍ ജനറല്‍ സെക്രട്ടറിയായ അഭിഷേക് ബാനര്‍ജിയുടെ ഡെല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ വൈകീട്ട് 3.30 ഓടെയാണ് മമതയും സുബ്രമണ്യം സ്വാമിയും കൂടിക്കാഴ്ച്ച നടത്തിയത്.

തൃണമൂലില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകിയെത്തുമെന്ന് പ്രഖ്യാപിച്ച അമിത് ഷായ്ക്കാണ് സ്വാമിയുടെ നിലപാട് തിരിച്ചടിയാകുന്നത്. കഴിഞ്ഞ ദിവസം സുബ്രഹ്മണ്യന്‍ സാമി ബംഗാള്‍ ഗവര്‍ണറെ കൊല്‍ക്കത്തയിലെത്തി സന്ദര്‍ശിച്ചിരുന്നു.

മോഡി സര്‍ക്കാരിന്റെ സാമ്പത്തിക-വിദേശ നയങ്ങളില്‍ സ്ഥിരം വിമര്‍ശകനായ സുബ്രഹ്മണ്യന്‍ സ്വാമിയെ ഇയ്യിടെ നടന്ന സംഘടനാ പുനഃസംഘടനത്തില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ട്വിറ്റര്‍ ബയോയില്‍ നിന്ന് ബിജെപി എന്നത് സ്വാമി ഒഴിവാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സ്വാമി-മമത കൂടിക്കാഴ്ചക്ക് രാഷ്ട്രീയ പ്രധാന്യം ഏറുന്നത്.

Exit mobile version