‘എന്തിനാണ് ഇത്ര അഹങ്കാരം? ധൈര്യമുണ്ടെങ്കിൽ വാരാണസിയിൽ ബിജെപിയെ തോൽപ്പിക്കൂ’; കോൺഗ്രസിനെ വെല്ലുവിളിച്ച് ഇന്ത്യ മുന്നണിയെ തള്ളി മമത ബാനർജി

കൊൽക്കത്ത: ഇന്ത്യ മുന്നണിയിൽ തുടർച്ചയായി പൊട്ടിത്തെറികൾ. മുന്നണി മര്യാദ മറക്കുകയാണ് കോൺഗ്രസ് എന്ന ആരോപണം ഉന്നയിച്ച് പരസ്യമായി വെല്ലുവിളിച്ച് മമത ബാനർജി. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റെങ്കിലും നേടുമോയെന്ന കാര്യം സംശയമാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി പരിഹസിച്ചു.

നേരത്തെ തന്നെ സംസ്ഥാനത്തെ 42 ലോക്സഭാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് കോൺഗ്രസിനെതിരെ ബംഗാളിലെ മുർഷിദാബാദിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ മമത ബാനർജി ആഞ്ഞടിച്ചത്.

‘300 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചാൽ 40 എണ്ണത്തിലെങ്കിലും വിജയിക്കുമോ എന്ന കാര്യം സംശയമാണ്. അവർക്ക് രണ്ടുസീറ്റ് ഞാൻ വാഗ്ദാനം ചെയ്തതായിരുന്നു. അപ്പോൾ അവർക്ക് കൂടുതൽ വേണം. അങ്ങനെയാണെങ്കിൽ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ചോളാൻ പറഞ്ഞെന്നും മമത വിശദമാക്കി.

ALSO READ- കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി യുവഡോക്ടർ; മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത് മൃതദേഹം

കോൺഗ്രസിന് എന്തിനാണ് ഇത്ര അഹങ്കാരമെന്നും നേരത്തെ നിങ്ങൾ വിജയിച്ചിരുന്ന സ്ഥലങ്ങളെല്ലാം നിങ്ങൾക്ക് ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മമത ഓർമ്മിപ്പിച്ചു. ധൈര്യമുണ്ടെങ്കിൽ വാരാണസിയിൽ ബിജെപിയെ തോൽപ്പിക്കൂ. അലഹബാദിൽ മത്സരിച്ച് വിജയിക്കൂ. നിങ്ങൾ എത്ര ധീരതയുള്ള പാർട്ടിയാണെന്ന് കാണട്ടെയെന്നും ബംഗാൾ മുഖ്യമന്ത്രി വെല്ലുവിളിച്ചു.

കൂടാതെ,ബംഗാളിലൂടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോയപ്പോൾ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്നും മമത ചൂണ്ടിക്കാട്ടി. ഇക്കാര്യം അനൗദ്യോഗിക വഴികളിലൂടെ അറിഞ്ഞത് തന്നെ നിരാശപ്പെടുത്തിയെന്നാണ മമത വിശദീകരിച്ചത്.

ബംഗാളിലേക്ക് അവർ വന്നപ്പോൾ ഇന്ത്യ മുന്നണിയിലെ അംഗമായ എന്നെ അറിയിക്കാനുള്ള സാമാന്യമര്യാദപോലും കാണിച്ചില്ല. മറ്റ് ഉറവിടങ്ങളിൽ നിന്നാണ് അക്കാ്യം അറിഞ്ഞതെന്നും പ്രീണനരാഷ്ട്രീയമാണ് കോൺഗ്രസിന്റേതെന്നും മമത പറഞ്ഞു.

Exit mobile version