തമിഴ്നാട്ടില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കാനാവില്ല; കേന്ദ്രത്തിന്റെ നടപടി എന്ത് വിലകൊടുത്തും തടയുമെന്ന് ഡിഎംകെ

തിരുച്ചിറപ്പള്ളി: പുതിയ വിദ്യാഭ്യാസ നയത്തിലൂടെ തമിഴ്നാട്ടില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കുന്നതിനെ എന്ത് വിലകൊടുത്തും തടയുമെന്ന് കേന്ദ്രത്തോട് ഡിഎംകെ നേതാവ് ടി ശിവ.

അതേസമയം, ഭാഷാ പഠനത്തിലെ പുതിയ ശുപാര്‍ശക്കെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതോടൊപ്പം സോഷ്യല്‍മീഡിയയില്‍ പ്രതിഷേധ ട്വീറ്റുകളും ക്യാമ്പയിനിങ്ങുകളും പ്രചരിക്കുന്നുണ്ട്.

പുതിയ വിദ്യാഭ്യാസനയത്തിലൂടെ തമിഴ്നാട്ടില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാക്കാനുള്ള നീക്കത്തെ എന്ത് പ്രതിബന്ധങ്ങളുണ്ടായാലും തടയാന്‍ തങ്ങള്‍ തയാറാണ്. ഹിന്ദി നിര്‍ബന്ധമാക്കുന്നത് തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ഒരു രീതിയിലും സഹിക്കാവുന്നതല്ലെന്ന് ശിവ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടെ മൂന്നുഭാഷകള്‍ പഠിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍, മൂന്നാം ഭാഷയായി ഹിന്ദി പഠിപ്പിക്കണമെന്നത് അംഗീകരിക്കാനാകില്ലെന്നാണ് തമിഴ്‌നാട്ടില്‍നിന്ന് ഉയരുന്ന നിലപാട്.

Exit mobile version