എന്‍സിപി-കോണ്‍ഗ്രസ് ലയനമില്ല; സഹകരണം മാത്രം; ലയന വാര്‍ത്തകളെ തള്ളി എന്‍സിപി

അഭ്യൂഹങ്ങള്‍ തളളിക്കൊണ്ട് നേരത്തെ ശരദ്പവാറും രംഗത്തെത്തിയിരുന്നു

മുംബൈ: ലോക്‌സഭയില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയെന്ന സ്ഥാനം കോണ്‍ഗ്രസിന് ലഭിക്കാന്‍ വേണ്ടി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന വാര്‍ത്തകളെ തള്ളി എന്‍സിപി നേതൃത്വം. എന്‍സിപി വക്താവ് നവാബ് മാലിക്കാണ് വാര്‍ത്ത നിരാകരിച്ചത്. ശരദ് പവാര്‍- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ ലയനം ചര്‍ച്ച ചെയ്തിട്ടില്ലെന്നും രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള സഹകരണം ഇനിയും തുടരുമെങ്കിലും മറ്റ് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും നവാബ് മാലിക് പറഞ്ഞു.

എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ തളളിക്കൊണ്ട് നേരത്തെ ശരദ്പവാറും രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും സംസ്ഥാനത്തെ കടുത്ത വരള്‍ച്ചയെക്കുറിച്ചുമാണ് ചര്‍ച്ച നടത്തിയതെന്ന് പവാര്‍ വിശദീകരിച്ചിരുന്നു.

ഇതിനിടെ, നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കിടയില്‍ രാഹുല്‍ ശരദ് പവാറിന്റെ ഡല്‍ഹിയിലെ വീട്ടിലെത്തി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. എന്‍സിപി ലയിച്ചാല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാം. എന്‍സിപിക്ക് 5 സീറ്റുകളാണ് ഉള്ളത്.

Exit mobile version