ഗാന്ധി കുടുംബാംഗം മാത്രം കോണ്‍ഗ്രസ് അധ്യക്ഷനാവണമെന്ന് നിര്‍ബന്ധമില്ല; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തിലെ അംഗം മാത്രമേ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം വഹിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ബന്ധമില്ലെന്ന് രാഹുല്‍ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് പ്രിയങ്കാ ഗാന്ധിയുടെ പേര് ഉയര്‍ന്നുവന്നപ്പോള്‍, എന്റെ സഹോദരിയെ ഇതിലേക്ക് വലിച്ചിടരുതെന്നായിരുന്നു രാഹുലിന്റെ പ്രതികരണമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത രാഹുല്‍ രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. നമ്മള്‍ പോരാട്ടം തുടരും. കോണ്‍ഗ്രസിന്റെ അച്ചടക്കമുള്ള പടയാളിയായി ധീരതയോടെ പോരാടും. എന്നാല്‍ എനിക്ക് പാര്‍ട്ടി അധ്യക്ഷനായി തുടരാന്‍ താത്പര്യമില്ല- യോഗത്തില്‍ രാഹുല്‍ പറഞ്ഞു.

മറ്റാരെങ്കിലും അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന നിലപാടില്‍ രാഹുല്‍ ഉറച്ചുനിന്നു. എന്നാല്‍ അദ്ദേഹത്തിന്റെ തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തള്ളിക്കളയുകയായിരുന്നു. 52 സീറ്റുകളാണ് കോണ്‍ഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടാനായത്.

Exit mobile version