മോഡിയുടെ വിജയത്തിന് പിന്നില്‍ വിദേശ ശക്തികള്‍, തെളിവുകള്‍ ഉടന്‍ പുറത്തുവരും; രാജി പ്രഖ്യാപിച്ച് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലുണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. ബംഗാളിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയായി തുടരാന്‍ താത്പര്യമില്ല. എന്നാല്‍ താന്‍ മുഖ്യമന്ത്രിയായി തുടരണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നതെന്നും മമത പറഞ്ഞു.

പദവിയും അധികാരവും ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അതിനാല്‍ തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് പാര്‍ട്ടിയെ അറിയിച്ചു. പക്ഷെ പാര്‍ട്ടി തന്റെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു.

പണവും അധികാരവും ദുരുപയോഗം ചെയ്താണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇതിനുള്ള വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ട്. മോഡിയുടെ വിജയത്തിന് പിന്നില്‍ വിദേശ ശക്തികള്‍ ഇടപെട്ടിട്ടുണ്ടെന്നും മമത ആരോപിച്ചു.

തെരഞ്ഞെടുപ്പിനിടയില്‍ പോലും രാജ്യത്തുടനീളം വലിയ തോതില്‍ പണം ഒഴുകി. പലരുടെയും ബാങ്കില്‍ അനധികൃതമായി പണം എത്തി. തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും മമത മുന്നറിയിപ്പ് നല്‍കി. വര്‍ഗീയതയിലൂന്നിയ പ്രചാരണത്തിനായി ഇലക്ഷന്‍ കമ്മീഷനെ പോലും ബിജെപി നിയന്ത്രിച്ചുവെന്നും മമത കുറ്റപ്പെടുത്തി.

ബംഗാളിലെ 40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 22 സീറ്റുകളിലാണ് ഇത്തവണ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വിജയിക്കാനായത്. 2014 ല്‍ 34 സീറ്റുകളില്‍ വിജയിച്ച മമതയ്ക്ക് പക്ഷെ ഇത്തവണ ബംഗാളിലും മോഡി തരംഗം ആഞ്ഞടിച്ചതോടെ പഴയ വിജയം ആവര്‍ത്തിക്കാനായില്ല. 2014 ല്‍ രണ്ട് സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 18 സീറ്റുകള്‍ നേടിയാണ് ബംഗാളില്‍ കരുത്ത് കാട്ടിയത്.

Exit mobile version