കനയ്യ കുമാറിന്റെ അനുയായിയുടെ കൊലപാതകം: പ്രതിഷേധം ശക്തം

പാറ്റ്‌ന: ബീഹാറിലെ ബെഗുസരായി മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി കനയ്യ കുമാറിന്റെ അനുയായി ഫാഗോ താന്തി അജ്ഞാത സംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.

കൊലപാതകത്തിന് പിന്നില്‍ ബെഗുസരായിയിലെ ജന്മികളാണെന്ന് ബഛ്‌വാരയിലെ മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ അവധീഷ് റായ് ആരോപിച്ചു. കര്‍ഷകനായ ഫാഗോ താന്തി കനയ്യയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതില്‍ സ്ഥലത്തെ ജന്മിമാര്‍ക്ക് കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായി ഫാഗോ താന്തിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നും അവധീഷ് റായ് ആരോപിച്ചു

വ്യാഴാഴ്ച രാത്രിയാണ് സിപിഐ പ്രവര്‍ത്തകനും കര്‍ഷകനുമായ ഫാഗോ താന്തി (65) ക്രൂരമായ മര്‍ദ്ദനമേറ്റ് മരിച്ചത്. ബഗുസരായി ജില്ലയിലെ മതിഹാനി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബവന്ത്പുരിന് സമീപത്ത് നിന്ന് രക്തത്തില്‍ കുളിച്ച നിലയില്‍ ഫാഗോ താന്തിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ബെഗുസരായിയിലെ സര്‍ദാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച വൈകീട്ടോടെ മഹാജി വില്ലേജില്‍ നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങവെ ഫാഗോ താന്തിയെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് സഹോദരന്‍ രാമചന്ദ്ര താന്തി പോലീസിന് മൊഴി നല്‍കി.

തട്ടിക്കൊണ്ട് പോയ വിവരം അറിയിച്ചിട്ടും ഊര്‍ജിതമായ അന്വേഷണം നടത്താന്‍ വൈകിയ പോലീസിന്റെ കെടുകാര്യസ്ഥതയാണ് സഹോദരന്റെ മരണത്തിലേക്ക് നയിച്ചതെന്നും രാമചന്ദ്ര താന്തി ആരോപിച്ചു.

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മതിഹാനി പോലീസ് അറിയിച്ചു. കനയ്യകുമാറിന്റെ പ്രശസ്ത മുദ്രവാക്യമായ ‘ഹം ലേ കെ രഹേങ്കേ ആസാദി’ എന്നെഴുതിയ ചുവന്ന ടി ഷര്‍ട്ടായിരുന്നു തട്ടിക്കൊണ്ടുപോയ സമയത്ത് ഫാഗോ താന്തി ധരിച്ചിരുന്നതെന്നും ഇയാള്‍ കനയ്യയ്ക്കായി സജീവമായി പ്രവര്‍ത്തിച്ചിരുന്നതായും പോലീസ് അറിയിച്ചു. കൊലപാതകത്തെ തുടര്‍ന്ന് ബെഗുസരായിയിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

Exit mobile version