മമതയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച് അറസ്റ്റിലായ പ്രിയങ്ക ശര്‍മ്മക്ക് ജാമ്യം; മാപ്പ് പറയണമെന്ന് സുപ്രീംകോടതി

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് കാണിച്ച് തൃണമൂല്‍ നേതാവ് വിഭാസ് ഹസ്രയാണ് പരാതി നല്‍കിയത്.

ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് അറസ്റ്റിലായ കേസില്‍ യുവമോര്‍ച്ച ഹൗറ കണ്‍വീനര്‍ പ്രിയങ്ക ശര്‍മ്മയ്ക്ക് ജാമ്യം നല്‍കി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റൊരാളുടെ അവകാശത്തിന് എതിരാകരുതെന്നും പ്രിയങ്ക മാപ്പ് പറയണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ഫാഷന്‍ ഉത്സവമായ മെറ്റ് ഗാലയില്‍ പ്രിയങ്ക ചോപ്ര പങ്കെടുത്ത ചിത്രത്തില്‍ മമതയുടെ മുഖം മോര്‍ഫ് ചെയ്താണ് പ്രിയങ്ക ശര്‍മ്മ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് കാണിച്ച് തൃണമൂല്‍ നേതാവ് വിഭാസ് ഹസ്രയാണ് പരാതി നല്‍കിയത്.

ഇതേ തുടര്‍ന്നാണ് പ്രിയങ്കയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെ ചോദ്യം ചെയ്താണ് പ്രിയങ്ക സുപ്രീംകോടതിയെ സമീപിച്ചത്. സംഭവത്തില്‍ ബിജെപി മമതയെ മാത്രമല്ല ബംഗാളിന്റെ സംസ്‌കാരത്തെ തന്നെ അപമാനിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രിയങ്ക അറസ്റ്റിലായത്.

Exit mobile version