‘വിദേശ കമ്പനിയുടെ രേഖകളില്‍ ബ്രിട്ടീഷ് പൗരനെന്ന് എഴുതി വച്ചാല്‍ ബ്രിട്ടീഷ് പൗരനാകുമോ’?; രാഹുല്‍ ഗാന്ധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. വിദേശ കമ്പനിയുടെ രേഖകളില്‍ ബ്രിട്ടീഷ് പൗരന്‍ എന്ന് എഴുതി വച്ചാല്‍ ബ്രിട്ടീഷ് പൗരനാകുമോ എന്ന് ചോദിച്ച് ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. ഹര്‍ജിക്കാരുടെ വാദം ബാലിശമാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് ബ്രിട്ടീഷ് പൗരത്വം ഉള്ളതിനാല്‍ രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ബ്രിട്ടീഷ് പൗരത്വമുള്ള രാഹുല്‍ ഗാന്ധിയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

2003ല്‍ ലണ്ടനിലെ ഹാംഷറില്‍ രൂപീകരിച്ച കമ്പനിയുടെ ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധി എന്നായിരുന്നു ഹര്‍ജികാരുടെ വാദം. ഇരട്ട പൗരത്വം ഉണ്ടായാല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കണമെന്നും രാഹുല്‍ ഗാന്ധിയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Exit mobile version