ദിവ്യ സ്പന്ദനയ്‌ക്കെതിരെ വ്യാജവാര്‍ത്ത: ഏഷ്യാനെറ്റ് ന്യൂസും സുവര്‍ണ ന്യൂസും 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ബംഗളൂരു: നടിയും മുന്‍ കോണ്‍ഗ്രസ് എംപിയുമായ ദിവ്യ സ്പന്ദനയ്ക്ക് എതിരെ വ്യാജവാര്‍ത്ത നല്‍കിയ സംഭവത്തില്‍ ഏഷ്യാനെറ്റിനും സുവര്‍ണ ന്യൂസിനെതിരെയും നടപടി. സംഭവത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി കോടതി ഉത്തരവിട്ടു.

2013 ലെ ഐപിഎല്‍ മത്സരങ്ങളുമായി ബന്ധപ്പെടുത്തി അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്തതിനെതിരെ ദിവ്യ സ്പന്ദന മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ബംഗളുരു അഡിഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. മാധ്യമപ്രവര്‍ത്തന രംഗത്തെ സത്യസന്ധതയ്ക്ക് കോട്ടം തട്ടിക്കുന്ന പ്രവൃത്തിയാണ് ചാനലുകളുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു.

2013ലെ ഐപിഎല്‍ മത്സരങ്ങളില്‍ നടന്ന വാതുവെപ്പുമായി ദിവ്യ സ്പന്ദനയ്ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ ഏഷ്യാനെറ്റിന്റെ ഉടമസ്ഥതയിലുള്ള സുവര്‍ണ ന്യൂസ് ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. 2013 മെയില്‍ നല്‍കിയ വാര്‍ത്തയില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന ദിവ്യയുടെ ചിത്രവും നല്‍കിയിരുന്നു. ഇതിനെതിരെ ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു.

സുവര്‍ണ ന്യൂസ് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി ദിവ്യക്ക് നല്‍കണമെന്ന് ബംഗളുരു അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി വിധിച്ചു. സ്‌പോട്ട് ഫിക്‌സിംഗ്, മാച്ച് ഫിക്‌സിംഗ് തുടങ്ങിയ വിവാദങ്ങളില്‍ ദിവ്യ സ്പന്ദനയുടെ പേര് പരാമര്‍ശിക്കുന്ന ഒരു വാര്‍ത്തയും നല്‍കരുതെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.

താന്‍ ഐപിഎല്‍ 2013ന്റെ ഭാഗമായിരുന്നില്ലെന്നും ആ സമയത്ത് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നുവെന്നും സ്പന്ദന കോടതിയില്‍ ബോധിപ്പിച്ചു.

സുവര്‍ണ ന്യൂസ് വാര്‍ത്തയിലെ ആരോപണവുമായി ദിവ്യ സ്പന്ദനയ്ക്ക് ഒരു വിധത്തിലും ബന്ധമില്ലെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് ഏഷ്യാനെറ്റും സുവര്‍ണ ന്യൂസും നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശിച്ച് കോടതി ഉത്തരവിട്ടത്. ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന് വിഹിതമുള്ളവയാണ് ഏഷ്യാനെറ്റ് ന്യൂസും സുവര്‍ണ ന്യൂസും.

Exit mobile version