കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി, അഞ്ച് കോടി നഷ്ടപരിഹാരം ചോദിച്ച് യുവാവ് രംഗത്ത്; 100 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

Serum Institute | Bignewslive

ചെന്നൈ: കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായന്ന് കാണിച്ച് അഞ്ച് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയ യുവാവിനെതിരെ 100 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ചെന്നൈ സ്വദേശിക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്ന സ്ഥാപനത്തില്‍ നിന്ന് ഒക്ടോബര്‍ ഒന്നിന് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ ആളാണ് നഷ്ടപരിഹാരം ചോദിച്ച് രംഗത്തെത്തിയത്.

വാക്‌സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മനശാസ്ത്രപരവുമായ പ്രശ്‌നങ്ങളും ഉണ്ടായെന്നാണ് 40 വയസുള്ള ബിസിനസ് കണ്‍സള്‍ട്ടന്റ് ആരോപിക്കുന്നു. അതിനാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് തനിക്ക് അഞ്ച് കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. കൊവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മ്മാണവും വിതരണവും ഉടന്‍ നിര്‍ത്തിവെക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം ഇയാളുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ആരോപിച്ച് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ രംഗത്തെത്തി. പരാതിക്കാരന്റെ ആരോഗ്യാവസ്ഥയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ അതിന് കൊവിഡ് വാക്സിന്‍ പരീക്ഷണവുമായി യാതൊരു ബന്ധവുമില്ല. പരാതിക്കാരന്‍ വാക്സിന്‍ പരീക്ഷണത്തെ തന്റെ ആരോഗ്യപ്രശ്നങ്ങളുടെ കാരണമായി പറയുന്നതില്‍ വാസ്തവമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ലോകപ്രശസ്തമായ കമ്പനിയില്‍ നിന്ന് പണം തട്ടിയെടുക്കാനായാണ് പരാതിക്കാരന്റെ ശ്രമമെന്നും അധികൃതര്‍ വ്യക്തമാക്കി. പരാതി വ്യാജമാണെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറലിനും ആരോഗ്യമന്ത്രാലയത്തിനും അറിയാമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരിലൊരാള്‍ പ്രതികരിച്ചു. പരാതിക്കാരന്റെ ആരോഗ്യപ്രശ്നങ്ങള്‍ക്കും വാക്സിന്‍ പരീക്ഷണത്തിനും തമ്മില്‍ ബന്ധമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായും ഐസിഎംആറും പ്രതികരിച്ചു.

Exit mobile version