മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് വിജയം : ആംബര്‍ 1.5 കോടി നല്‍കണം

ലൊസാഞ്ചലസ് : നടിയും മുന്‍ ഭാര്യയുമായ ആംബര്‍ ഹേഡിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ ഹോളിവുഡ് നടന്‍ ജോണി ഡെപ്പിന് വിജയം. നഷ്ടപരിഹാരമായി ആംബര്‍ 1.5 കോടി ഡോളര്‍ ഡെപ്പിന് നല്‍കണം. ഡെപ്പിനെതിരായ മാനനഷ്ടക്കേസുകളിലൊന്നില്‍ ആംബറിന് അനുകൂലമായ വിധി പുറപ്പെടുവിച്ച ജഡ്ജി 20 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ഡെപ്പിനോടും ഉത്തരവിട്ടു.

2018ല്‍ വാഷിംഗ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തില്‍ താന്‍ ഗാര്‍ഹിക പീഡനത്തിനിരയാണ് എന്ന് ആംബര്‍ വെളിപ്പെടുത്തിയതോടെയാണ് കേസിന് തുടക്കമാവുന്നത്. ഡെപ്പിന്റെ പേര് എടുത്ത് പറഞ്ഞിരുന്നില്ലെങ്കിലും സൂചനകള്‍ കൃത്യമായിരുന്നു. തുടര്‍ന്ന് ഡിസ്‌നി അടക്കമുള്ള വന്‍ കമ്പനികള്‍ സിനിമകളില്‍ നിന്ന് നടനെ ഒഴിവാക്കി. ഇതോടെ ആംബറിനെതിരെ നടന്‍ മാനഷ്ടത്തിന് പരാതി നല്‍കി.

മൂന്ന് ദിവസങ്ങളിലായി ഏകദേശം 13 മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷംമാണ് കോടതി അന്തിമ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. യുഎസിലെ ഫെയര്‍ഫാക്‌സ് കൗണ്ടി കോടതിയിലെ ഏഴ് പേരടങ്ങുന്ന വിര്‍ജിനിയ ജൂറിയുടേതാണ് വിധി.

ജൂറി തന്റെ ജീവിതം തിരികെ തന്നുവെന്നും ലോകത്തിന് മുന്നില്‍ സത്യം വെളിപ്പെടുത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്നും കോടതി വിധിക്ക് ശേഷം ഡെപ്പ് പ്രതികരിച്ചു. വിധിയില്‍ നിരാശയുണ്ടെന്നും പ്രതികരിക്കുന്ന സ്ത്രീകളെ അപമാനിക്കുന്ന ഒട്ടും പുരോഗമനപരമല്ലാത്ത നടപടിയാണ് ഉണ്ടായതെന്നുമാണ് ആംബറിന്റെ പ്രതികരണം.

Exit mobile version