സൗജന്യ കുടിവെള്ളത്തിന്റെ കപ്പ് മോഷ്ടിക്കുന്ന ‘പോലീസ് കള്ളന്മാരെ’ പൊക്കി സിസിടിവി; കള്ളന്മാരെ കണ്ട് ഞെട്ടി നാട്ടുകാര്‍,വീഡിയോ

ചെന്നൈ: സൗജന്യ കുടിവെള്ളം വച്ച സ്ഥലത്തെ സ്ഥിരം കപ്പ് കള്ളന്മാരെ പിടികൂടി സിസിടിവി. ദൃശ്യങ്ങളിലെ കള്ളന്മാരെ കണ്ട് ഞെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.

ചെന്നൈയിലെ ആറന്തങ്ങി ടൗണിലാണ് സംഭവം. കനത്ത ചൂട് കാരണം ആറന്തങ്ങി പട്ടണത്തില്‍ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് സ്ഥാപിച്ച കുടിവെള്ള ഷെഡിലാണ് മോഷണം നടന്നത്. വഴിയാത്രക്കാര്‍ക്ക് ഉപകാരപ്പെടുംവിധമായിരുന്നു കുടിവെള്ള വിതരണം നടത്തിയത്. എന്നാല്‍ കുടിവെള്ളം നല്‍കാന്‍ ഉപയോഗിച്ച കപ്പ് ദിവസവും മോഷണം പോകാന്‍ തുടങ്ങി. ഒടുവില്‍ പരിഹാരമായി യുവാക്കള്‍ സിസിടിവി സ്ഥാപിക്കുകയായിരുന്നു.

രാത്രിയില്‍ ബൈക്കിലെത്തിയ രണ്ടുപോലീസുകാരില്‍ ഒരാള്‍ ഇറങ്ങി കപ്പ് കൈവശപ്പെടുത്തി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതോടെ കള്ളന്മാരെ പിടികൂടാനുള്ള പോലീസുകാര്‍ തന്നെ കള്ളനായ കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

കോണ്‍സ്റ്റബിള്‍മാരായ 30 വയസുകാരന്‍ അയ്യപ്പന്‍, 31 വയസുകാരന്‍ വടിവഴഗന്‍ എന്നിവരാണ് സിസിടിവിയില്‍ കുടുങ്ങിയത്. ഇവര്‍ നൈറ്റ് പെട്രോളിന് ഇറങ്ങിയ സമയത്താണ് മോഷണം നടത്തിയത്.

സംഭവം തമിഴ്‌നാട് പോലീസിന് തന്നെ നാണക്കേടായിരിക്കുകയാണ്. നിരവധി പേരാണ് കപ്പ് മോഷ്ടിക്കുന്ന പോലീസുകാരുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. യുവാക്കളുടെ പരാതിയെ തുടര്‍ന്ന് കോണ്‍സ്റ്റബിള്‍ അയ്യപ്പനെ ആംഡ് റിസര്‍വ് ഫോഴ്‌സിലേക്ക് സ്ഥലംമാറ്റി.

Exit mobile version