രാഹുല്‍ ലണ്ടനിലെ സ്വന്തം കമ്പനിക്ക് വേണ്ടി പ്രതിരോധ ഇടപാടില്‍ ഇടനിലക്കാരനായി; ബിജെപിയുടെ പുതിയ ആരോപണത്തില്‍ വാക്‌പോര്

ബാകോപ്‌സ് കമ്പനിയുടെ പങ്കാളിക്ക് പ്രതിരോധ ഇടപാട് കരാര്‍ ലഭിക്കാന്‍ രാഹുല്‍ ഗാന്ധി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നാണ് ബിജെപിയുടെ ആരോപണം.

ന്യൂഡല്‍ഹി: ലണ്ടനിലെ ബാകോപ്‌സ് കമ്പനിയ്ക്ക് വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഇടനിലക്കാരനായി എന്ന പുതിയ ആരോപണവുമായി ബിജെപി. ബാകോപ്‌സ് കമ്പനിയുടെ പങ്കാളിക്ക് പ്രതിരോധ ഇടപാട് കരാര്‍ ലഭിക്കാന്‍ രാഹുല്‍ ഗാന്ധി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ തെളിവ് ഹാജരാക്കിയിട്ട് മതി ആരോപണമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

നേരത്തെ, ബാകോപ്‌സ് കമ്പനി രേഖകള്‍ പ്രകാരം രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരന്‍ ആണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു. സ്വാമി നല്‍കിയ പരാതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി പ്രതിരോധ ഇടനിലക്കാരനാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

2002 ല്‍ സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം രാഹുല്‍ ബാകോപ്‌സ് എന്ന പേരില്‍ ഇന്ത്യയില്‍ കമ്പനി രൂപീകരിച്ചിരുന്നു. 2003 ല്‍ ലണ്ടനിലും ഇതേ പേരില്‍ രാഹുല്‍ കമ്പനി രൂപീകരിച്ചു. 2009 വരെ കമ്പനി പ്രവര്‍ത്തിയ്ക്കുകയും ചെയ്തു. അന്ന് രാഹുലിന്റെ പങ്കാളിയായിരുന്ന ഉള്‍റിക് മിക്‌നൈറ്റ് സ്ഥാപിച്ച മറ്റൊരു കമ്പനിക്ക് സ്‌കോര്‍പിയോണ്‍ മുങ്ങിക്കപ്പല്‍ ഇടപാടിലെ ഓഫ്‌സെറ്റ് കരാര്‍ ലഭിച്ചു. ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു. ഇതേ രാഹുലാണ്, റഫാല്‍ ഇടപാടിലെ ഓഫ് സെറ്റ് കരാറിന്റെ പേരില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍, ആരോപണം ഉന്നയിച്ചാല്‍ പോര തെളിയിക്കണം എന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ തിരിച്ചടിച്ചു. അധികാരത്തിലുണ്ടായിട്ടും മോഡി എന്തുകൊണ്ട് ഇക്കാര്യം അന്വേഷിച്ചില്ലെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

Exit mobile version