ഫോനി; നിര്‍ത്തലാക്കിയ എയര്‍ ഇന്ത്യ സര്‍വീസുകള്‍ കൊല്‍ക്കത്തയില്‍ നിന്ന് പുനരാരംഭിച്ചു

എയര്‍ ഇന്ത്യ ഇന്ന് രാവിലെ മുതലാണ് സര്‍വീസ് പുനരാരംഭിച്ചത്

കൊല്‍ക്കത്ത: ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് പുനരാരംഭിച്ചു. എയര്‍ ഇന്ത്യ ഇന്ന് രാവിലെ മുതലാണ് സര്‍വീസ് പുനരാരംഭിച്ചത്. നേരത്തേ ഫോനി ഭിതിയില്‍ വിമാനത്താവളം അടച്ചിരുന്നു.

അതേസമയം ആഞ്ഞടിച്ച ഫോനിയില്‍ കനത്ത നാശനഷ്ടമാണ് ഒഡീഷയില്‍ ഉണ്ടായിരിക്കുന്നത്. ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനാവാശ്യമായ നടപടികളെടുക്കാനും വ്യോമയാന മന്ത്രാലയ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

ആഞ്ഞടിച്ച ഫോനിയില്‍ ഒഡീഷയില്‍ ഇതുവരെ മരിച്ചത് പത്ത് പേരാണ്. അതേസമയം, ഒഡീഷയില്‍ വന്‍ നാശം വിതിച്ച ഫോനി പശ്ചിമബംഗാളിലേക്ക് കടന്നു. മണിക്കൂറില്‍ 105 കിലോമീറ്റര്‍ വേഗത്തില്‍ പശ്ചിമ ബംഗാളിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ഫോനിയെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ തെരഞ്ഞടെുപ്പ് റാലികള്‍ രണ്ട് ദിവസത്തേക്ക് പിന്‍വലിച്ചു.പൊതുമേഖലാ എണ്ണക്കമ്പനിയായ ഒഎന്‍ജിസി തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. വിനോദസഞ്ചാരികളോട് കൊല്‍ക്കത്ത വിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version