കുഞ്ഞ് ‘ഫോനി’! ഒഡീഷയെ തകര്‍ത്തെറിഞ്ഞ ചുഴലിക്കാറ്റിനെ അതിജീവിച്ച് പിറന്ന മാലാഖ

ഭുവനേശ്വര്‍: ഒഡീഷയെ തകര്‍ത്തെറിഞ്ഞ് വീശിയ ഫോനി ചുഴലിക്കാറ്റിന്റെ താണ്ഡവത്തെ അതിജീവിച്ച് ജനിച്ച കുഞ്ഞിന് ‘ഫോനി’ എന്ന് പേരിട്ട് മാതാപിതാക്കള്‍. ഭുവനേശ്വറിലെ റെയില്‍വേയുടെ ആശുപത്രിയില്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് റെയില്‍വേ ജീവനക്കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെയാണ് ഒഡീഷ തീരത്ത് ശക്തി പ്രാപിച്ചത്. അതിനിടെയാണ് ഭുവനേശ്വറിലെ റെയില്‍വേ ആശുപത്രിയില്‍ ട്രെയിന്‍ കോച്ച് വര്‍ക് ഷോപ്പ് ജീവനക്കാരിയായ മഹേശ്വരി(32) പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ഡോക്ടര്‍മാരും റെയില്‍വെ അധികൃതരും കുഞ്ഞിന് ഫോനി എന്ന പേര് നിര്‍ദേശിക്കുകയും മാതാപിതാക്കള്‍ ഇത് അംഗീകരിക്കുകയുമായിരുന്നു.

അമ്മയും കുഞ്ഞും സുഖമായി കഴിയുന്നുവെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ‘എമിശ’ എന്നെഴുതുന്ന ചുഴലിക്കാറ്റിന്റെ പേര് ‘ഫോനി’ എന്നാണ് ഉച്ചരിക്കുക. ബംഗ്ലദേശാണ് ഈ പേര് നിര്‍ദ്ദേശിച്ചത്. പാമ്പിന്റെ പത്തിയെന്നാണ് ഈ വാക്കിന്റെ ഏകദേശ അര്‍ഥം.

നവജാത ശിശുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഡോക്ടര്‍മ്മാര്‍ക്കൊപ്പമുള്ള കുഞ്ഞിന്റെ ചിത്രം പുറത്തു വിട്ടിരിക്കുന്നത്. കുഞ്ഞിന് എല്ലാ വിധ നന്മകളും നേര്‍ന്നുകൊണ്ട് നിരവധി പേരാണ് ചിത്രം പങ്കുവയ്ക്കുന്നത്.

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റാണ് ഫോനി. രണ്ട് സ്ത്രീകളും ഒരു വിദ്യാര്‍ഥിയുമാണ് ഇതുവരെ മരിച്ചത്. 11 ലക്ഷം ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 600 ഗര്‍ഭിണികളായ സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ശക്തമായ കാറ്റില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

Exit mobile version