മിഷോങ് ചുഴലിക്കാറ്റ്: വെള്ളത്തിനടിയിലായി ചെന്നൈ; അടിയന്തരാവശ്യമില്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി ദുരിതത്തിലായി ചെന്നൈ. ചെന്നൈയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. ജനങ്ങളോട് അടിയന്തരാവശ്യത്തിന് ഒഴികെ വീടിന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍.

വൈദ്യുതിയും ഇന്റര്‍നെറ്റും തടസ്സപ്പെട്ടു. ട്രെയിന്‍, വിമാന സര്‍വീസുകളേയും മഴയും വെള്ളക്കെട്ടും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തില്‍ കൂടി കടന്നുപോകുന്ന പല സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു

വടപളനി, താംബരം ഉള്‍പ്പെടെ മിക്കയിടത്തും വീടുകളില്‍ വെള്ളംകയറി. സബ്വേകളും അടിപ്പാലങ്ങളും മുങ്ങി, മരങ്ങള്‍ കടപുഴകി, വൈദ്യുതി നിലച്ചു. മഹാബലിപുരം ബീച്ചില്‍ കടല്‍നിരപ്പ് അഞ്ചടിയോളം ഉയര്‍ന്നു. പുതുച്ചേരി ബീച്ച് റോഡില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി.

ചെന്നൈ ഉള്‍പ്പൈട ആറു ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ നെടുങ്കുട്രം നദി കരകവിഞ്ഞ് മുതല റോഡിലേക്കിറങ്ങി. ഇതേത്തുടര്‍ന്ന് ജാഗ്രത മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ 118 ട്രെയിനുകള്‍ റദ്ദാക്കി, 26 വിമാനങ്ങള്‍ വൈകുന്നു. നാളെ രാവിലെയാണ് ചുഴലിക്കാറ്റ് കരതൊടുക.

Exit mobile version