ആന്ധ്രാതീരം തൊട്ട് മിഗ്‌ജോം: അതീവജാഗ്രത, ചെന്നൈയില്‍ വെള്ളപ്പൊക്ക ബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ചെന്നൈ: മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലെത്തിയ മിഗ്‌ജോം ചുഴലിക്കാറ്റ് ആന്ധ്രാതീരം തൊട്ടു. നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിലാണ് കാറ്റ് കര തൊട്ടത്. കരതൊട്ട മിഷോങ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 90 മുതല്‍ 100 വരെ കിലോമീറ്റര്‍ വേഗതയിലാണ് വീശിയടിക്കുന്നത്. ഇത് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ആന്ധ്രയില്‍ കനത്ത മഴ തുടരുകയാണ്. സൂളൂര്‍പെട്ടിയില്‍ പുഴ കരകവിഞ്ഞു. ഇതോടെ ചെന്നൈ-ഹൈദരാബാദ് ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ഇന്നലെ രാവിലെ മുതല്‍ പെയ്യുന്ന മഴയില്‍ നെല്ലൂര്‍, മെച്ചിലിപട്ടണം നഗരങ്ങള്‍ വെള്ളത്തിനടിയിലാണ്.

ഇതോടെ തിരുപ്പതി, നെല്ലൂര്‍, ബാപ്തല അടക്കം 8 ജില്ലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീവ്ര ചുഴലിക്കാറ്റ് മൂന്നുമണിക്കൂറിനുള്ളില്‍ പൂര്‍ണമായും ആന്ധ്ര തീരത്ത് കയറുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. തീരത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. തിരമാലകള്‍ ആറടി വരെ ഉയരത്തില്‍ വീശുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, മഴ ശമിച്ചെങ്കിലും ചെന്നൈ നഗരത്തില്‍ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. വെള്ളപ്പൊക്ക ബാധിത മേഖലകള്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴക്കെടുതിയാണ് ചെന്നൈ നേരിട്ടത്. എന്നാല്‍ നഗരത്തില്‍ കഴിഞ്ഞ 30 മണിക്കൂര്‍ ആശങ്കയായി പെയ്ത കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്.

വൈദ്യുതിബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. അപകടമൊഴിവാക്കുന്നതിനായി രാത്രി തന്നെ വൈദ്യുതിവിതരണം നിര്‍ത്തിവെച്ചിരുന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളും തടസപ്പെട്ടു. ദുരിത മേഖലയിലുള്ളവര്‍ക്ക് സഹായമെത്തിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. മഴക്കെടുതിയില്‍ ഇതുവരെ എട്ട് പേരാണ് മരിച്ചത്.

Exit mobile version