‘യതി’ ശരിക്കും ജിവിച്ചിരിപ്പുണ്ടോ? നേപ്പാള്‍ അതിര്‍ത്തിയില്‍ കാല്‍പ്പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സേനയുടെ വെളിപ്പെടുത്തല്‍, വൈറലായി ചിത്രം

നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്തായിട്ടാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്

ന്യൂഡല്‍ഹി: ഇന്നും ദുരൂഹമായി തുടരുകയാണ് ‘യതി’ എന്ന മഞ്ഞ് മനുഷ്യനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങള്‍. ഇപ്പോഴിതാ ‘യതി’യുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ സേന.

നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്തായിട്ടാണ് യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. ചിത്രങ്ങള്‍ ഇന്ത്യന്‍ സേനയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

‘ഇക്കഴിഞ്ഞ ഏപ്രില്‍ 9 ന് സേനയുടെ പര്‍വത നിരീക്ഷക സംഘമാണ് ഈ കാല്‍പ്പാടുകള്‍ കണ്ടത്തിയതെന്നാണ് സേന ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഇതാദ്യമായി ഇന്ത്യന്‍ ആര്‍മി പര്‍വതാരോഹണ-നിരീക്ഷക സംഘം പുരാണകഥയിലെ ഭീകരരൂപിയായ യതിയുടെ നിഗൂഢമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുകയാണ്. മകുല്‍ ബേസ് ക്യാംപിന് സമീപത്താണ് 32*15 ഇഞ്ച് അളവിലുള്ള കാല്‍പാടുകള്‍ കണ്ടത്. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുണ്‍ നാഷണല്‍ പാര്‍ക്കിന് സമീപത്ത് കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്’ ഇത്തരത്തിലാണ് സേന ട്വിറ്ററില്‍ കുറിച്ചത്.


Exit mobile version