പീഡന ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍; സ്ഥാനാര്‍ത്ഥിക്കെതിരെ ബലാത്സംഗ കേസ്

ചെന്നൈ: വാട്‌സാപ്പില്‍ പീഡന ദൃശ്യങ്ങള്‍ വൈറലായതോടെ തമിഴ്‌നാട്ടിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു. ടിടിവി ദിനകരന്റെ പാര്‍ട്ടിയായ എഎംഎംകെയ്ക്ക് വേണ്ടി തേനിയിലെ പെരിയംകുളത്ത് മത്സരിക്കുന്ന കെ കതിര്‍കാമുവിന് എതിരെയാണ് പോലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തത്.

36 വയസുള്ള സ്ത്രീ നല്‍കിയ പരാതിയിലാണ് കേസ്. ബലാത്സംഗത്തിനുള്ള സെക്ഷന്‍ 376, വഞ്ചനാകുറ്റം ചുമത്തി സെക്ഷന്‍ 417, മനപൂര്‍വ്വം നടത്തിയ കുറ്റകൃത്യം ചാര്‍ത്തി സെക്ഷന്‍ 501 എന്നീ ഐപിസി വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

ഒക്ടോബര്‍ 2015നാണ് തന്നെ ബലാത്സംഗം ചെയ്തത് എന്നാണ് സ്ത്രീ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ സംഭവത്തില്‍ സത്യമില്ലെന്നും തനിക്കെതിരെ ഈ പ്രശ്‌നം മുന്‍പും ഉയര്‍ന്ന് വന്നതാണ് എന്നുമാണ് കെ കതിര്‍കാമുവിന്റെ വാദം. കതിര്‍കാമു തേനിയിലെ അള്ളിനഗറില്‍ നടത്തി വന്നിരുന്ന ഒരു ഹോസ്പിറ്റലിലാണ് ഈ സംഭവം നടന്നത് എന്നാണ് റിപ്പോര്‍ട്ട്.

കേസ് തേനിയിലെ എഡിഎംകെ ഭാരവാഹികളുടെ ഒത്തുകളിയാണ് എന്നാണ് കതിര്‍കാമുവിന്റെ ആരോപണം. എന്നാല്‍ ഒരു തരത്തിലും സംഭവത്തില്‍ എഡിഎംകെയ്ക്ക് ബന്ധമില്ലെന്നാണ് തേനിയിലെ ജില്ലാ നേതൃത്വം പറയുന്നത്.

Exit mobile version