ആഭ്യന്തര മന്ത്രിക്കും രക്ഷയില്ല! രാജ്‌നാഥ് സിങിനെതിരെ മത്സരിക്കാന്‍ വിശാലപ്രതിപക്ഷ സഖ്യ സ്ഥാനാര്‍ത്ഥിയായി ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം; യുപിയില്‍ പോരാട്ടം കടുക്കും

ലഖ്‌നൗവില്‍ നിന്ന് ജനവിധി തേടുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് കടുത്ത വെല്ലുവിളിയായി പ്രതിപക്ഷം കരുത്തുറ്റ എതിരാളിയെയാണ് ഉയര്‍ത്തി കാണിക്കുന്നത്.

ലഖ്‌നൗ: ഇത്തവണ ബിജെപിക്ക് മത്സരങ്ങള്‍ ഒന്നും അത്ര എളുപ്പമാകില്ല, വിജയപ്രതീക്ഷകള്‍ക്ക് ഓരോ ദിവസവും തിരിച്ചടികളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി ലഖ്‌നൗവില്‍ നിന്ന് ജനവിധി തേടുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് കടുത്ത വെല്ലുവിളിയായി പ്രതിപക്ഷം കരുത്തുറ്റ എതിരാളിയെയാണ് ഉയര്‍ത്തി കാണിക്കുന്നത്.

ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹയാണ് വിശാലപ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. പൂനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എസ്പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പൂനം സിന്‍ഹയ്ക്ക് ബിഎസ്പിയുടെയും സഖ്യ കക്ഷികളുടേയും പിന്തുണയ്ക്ക് പുറമെ വിശാല പ്രതിപക്ഷ സഖ്യത്തിനു പുറത്തുള്ള കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടെ ഉത്തര്‍പ്രദേശ് തലസ്ഥാനത്ത് പോരാട്ടം കനക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ബിജെപിക്കെതിരെ ഒരു സ്ഥാനാര്‍ത്ഥിയെ മാത്രം നിര്‍ത്തി ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിച്ച് പോകാതിരിക്കാനാണ് കോണ്‍ഗ്രസിന്റെയും നീക്കം. നേരത്തെ, എസ്പി -ബിഎസ്പി സഖ്യത്തിനായി കോണ്‍ഗ്രസ് മാറ്റിവെച്ചിരുന്ന ഏഴു സീറ്റുകളില്‍ ഒന്നായ ലഖ്‌നൗവില്‍ ജിതിന്‍ പ്രസാദയെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പുതിയ നീക്കത്തിന് പിന്നാലെ ദൗര്‍ഹരയിലേക്ക് ജിതിനെ മാറ്റിയിരിക്കുകയാണ്.

Exit mobile version