മോഡി സര്‍ക്കാരിനെ ചോദ്യം ചെയ്താല്‍, ഇത്തവണയും ജനം പൊറുക്കില്ല! കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പരസ്യവുമായി ബിജെപി

മോഡി സര്‍ക്കാരിനെ ചോദ്യം ചെയ്താല്‍, ഇത്തവണയും ജനം പൊറുക്കില്ല! വ്യോമാക്രമണത്തേയും സര്‍ദാര്‍ പ്രതിമയേയും ചോദ്യം ചെയ്യുന്നവരേ...നിങ്ങളോട് ജനം ക്ഷമിക്കില്ല; കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പരസ്യവുമായി ബിജെപി

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ പ്രചാരണ തന്ത്രം ശക്തമാക്കി ബിജെപി. കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തേയും ലക്ഷ്യമിട്ട് ജനത നിങ്ങള്‍ക്ക് മാപ്പ് നല്‍കില്ലെന്ന ക്യാപ്ഷനില്‍ പുതിയ തെരഞ്ഞെടുപ്പ് പരസ്യവുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. മോഡി സര്‍ക്കാരിന്റെ പ്രവര്‍ത്തികളെ ചോദ്യം ചെയ്യുന്ന നിങ്ങളോട് ഇത്തവണയും ജനങ്ങള്‍ പൊറുക്കില്ലെന്നാണ് 39 സെക്കന്റുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന പരസ്യത്തില്‍ ബിജെപി പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം നരേന്ദ്ര മോഡിയുടെ കീഴില്‍ ബിജെപി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെ ചോദ്യം ചെയ്യുന്ന നിങ്ങള്‍ക്ക് ഇത്തവണയും ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്നാണ് പരസ്യത്തിലെ സന്ദേശം.

‘ചോദ്യങ്ങള്‍ക്ക് മേല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിനേയും വ്യോമക്രമണത്തേയും ചോദ്യം ചെയ്യുന്നു. ചൈനയെ ഡോക്ലാമില്‍ നിന്നും ഓടിച്ചതിനെ ചോദ്യം ചെയ്യുന്നു. സര്‍ദാറിന്റെ പ്രതിമയുണ്ടാക്കിയതിനെ ചോദ്യം ചെയ്യുന്നു. സുപ്രീം കോടതിയെ ചോദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ വോട്ടിങ് മെഷീനെ ചോദ്യം ചെയ്യുന്നു. ലോകം ഇന്ത്യയെ പ്രശംസിക്കുമ്പോള്‍ വേള്‍ഡ് ബാങ്കിനേയും ചോദ്യം ചെയ്യുന്നു. ചോദ്യങ്ങള്‍ക്കു മേല്‍ ചോദ്യങ്ങളാണ് നിങ്ങള്‍ ഉയര്‍ത്തുന്നത്. രാജ്യത്ത് നല്ലതെന്തെങ്കിലും നടക്കുമ്പോള്‍ വിരല്‍ ഉയര്‍ത്തി ചോദ്യം ചെയ്യുന്ന നിങ്ങളോട് ജനത ഇത്തവണയും മാപ്പ് നല്‍കില്ല’- രോഷാകുലയായ വനിത ബിജെപി സന്ദേശം വീഡിയോയില്‍ അവതരിപ്പിക്കുന്നത് ഇങ്ങനെ. സമാനമായ മറ്റൊരു വീഡിയോയും ബിജെപി പുറത്തിറക്കിയിട്ടുണ്ട്. ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിപക്ഷം ചൊരിഞ്ഞ അധിക്ഷേപ വാക്കുകളെ കൂട്ടിയിണക്കിയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്ന മുദ്രാവാക്യം 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി വിജയകരമായി ഉപയോഗിച്ചിരുന്നു. അന്ന് ഇത്തവണ മോഡി സര്‍ക്കാര്‍(അബ് കി ബാര്‍ മോഡി സര്‍ക്കാര്‍), നല്ല ദിനങ്ങള്‍ വരാനിരിക്കുന്നു(അഛാ ദിന്‍ ആനേ വാലേ ഹൈ) തുടങ്ങിയ മുദ്രാവാക്യങ്ങളും വലിയ ഹിറ്റായിരുന്നു.
543 ലോക്‌സഭാ മണ്ഡലങ്ങളിലേക്കായി ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 11 മുല്‍ മേയ് 19 വരെ വോട്ടെടുപ്പ് നടക്കും. മേയ് 23ന് വോട്ടെണ്ണും.

Exit mobile version