നിങ്ങളൊരു ചൗക്കീദാറല്ല; നാണംകെട്ട മന്ത്രിയാണെന്ന് യുവാവിന്റെ ആക്ഷേപം; താങ്കളുടെ പാസ്‌പോര്‍ട്ട് ഉടനെ ശരിയാക്കാമെന്ന് താഴ്മയോടെ സുഷമാ സ്വരാജിന്റെ മറുപടി; ഇടപെട്ട് സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: ട്വിറ്ററിലൂടെ തന്നെ വ്യക്തിപരമായി ആക്ഷേപിച്ച യുവാവിന് വിനീതമായും കൃത്യമായും മറുപടി നല്‍കിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് സോഷ്യല്‍മീഡിയയുടെ കൈയ്യടി. പാസ്‌പോര്‍ട്ട് കിട്ടാന്‍ വൈകിയത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായി എന്നുപറഞ്ഞ് രംഗത്തെത്തിയ നിരഞ്ജന്‍ എന്ന യുവാവാണ് സുഷമയെ ആക്ഷേപിച്ചത്.

ട്വിറ്ററില്‍ മേം ഭീ ചൗക്കീദാര്‍ എന്ന ക്യാംപെയിനിന്റെ ഭാഗമായി സുഷമ സ്വരാജ് പേരിനു മുന്നില്‍ ചേര്‍ത്ത ചൗക്കീദാര്‍ എന്ന വാക്കിനേയും അവഹേളിച്ചായിരുന്നു യുവാവിന്റെ ട്വീറ്റ്. നിങ്ങളൊരു കാവല്‍ക്കാരിയല്ലെന്നും നാണംകെട്ട മന്ത്രിയാണെന്നും യുവാവ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

”താങ്കള്‍ ഒരു കാവല്‍ക്കാരിയല്ല. നാണമില്ലാത്ത വിവരംകെട്ട മന്ത്രിയാണ്. വ്യാജ പബ്ലിസിറ്റിയും സ്വന്തം താല്‍പര്യത്തിനനുസരിച്ച് പെയിഡ് ന്യൂസും ഉപയോഗിക്കുന്ന വ്യക്തിയാണ് താങ്കള്‍. 34,000 രൂപ ശമ്പളം വാങ്ങുന്ന ഒരു സാധാരണക്കാരനാണ് താന്‍. അപേക്ഷിച്ച പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് നല്ലൊരു ജോലി അവസരമാണ് തനിക്ക് നഷ്ടമായത്. ഇപ്പോഴും പാസ്‌പോര്‍ട്ടിനും നിങ്ങളുടെ മറുപടിക്കും വേണ്ടി കാത്തിരിക്കുന്നു”-എന്നായിരുന്നു മുംബൈ സ്വദേശിയായ യുവാവിന്റെ ട്വീറ്റ്.

എന്നാല്‍ നിങ്ങളുടെ ഉപചാര വാക്കുകള്‍ക്ക് നന്ദിയെന്നും തന്റെ ഓഫീസ് താങ്കളുടെ പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി താങ്കളെ സമീപിക്കുമെന്നും സുഷമാ സ്വരാജ് മറുപടിയില്‍ പറഞ്ഞു. വിനീതമായി ഇക്കാര്യത്തോട് പ്രതികരിച്ച മന്ത്രിയുടെ കൂടെ സോഷ്യല്‍മീഡിയ പക്ഷം ചേര്‍ന്നതോടെ മാപ്പ് അപേക്ഷിച്ച് യുവാവും രംഗത്തെത്തി. ഇപ്പോള്‍ ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്.

Exit mobile version