നിങ്ങള്‍ പിഴുതെടുത്തത് ഭീകരവാദികളെയോ മരങ്ങളെയോ? ഇതൊരു തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നോ? കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്ത് സിദ്ധു

ന്യൂഡല്‍ഹി: ബലാക്കോട്ട് വ്യോമാക്രമണത്തിലെ കേന്ദ്രസര്‍ക്കാര്‍ വാദത്തെ പരിഹസിച്ചും ചോദ്യംചെയതും കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്‌ജ്യോത് സിങ് സിദ്ധു. ഭീകരരെ ആണോ അതോ മരങ്ങളെ ആണോ പിഴുതെറിഞ്ഞതെന്ന് സിദ്ധു ചോദിച്ചു. ട്വിറ്ററിലൂടെയാണ് സിദ്ധു കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

”300 ഭീകരര്‍ മരിച്ചു, ഉണ്ടോ ഇല്ലയോ? എന്തായിരുന്നു ഇതിന്റെ ഉദ്ദേശ്യം? നിങ്ങള്‍ പിഴുതെടുത്തത് ഭീകരവാദികളെയോ മരങ്ങളെയോ. അതൊരു തെരഞ്ഞെടുപ്പ് തന്ത്രമായിരുന്നോ വിശുദ്ധമായ സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കുന്നത് നിര്‍ത്തണം’ -എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്താനിലെ പൈന്‍ മരങ്ങളാണ് നശിച്ചതെന്നും അത് ‘ഇക്കോ ടെററിസം’ ആണെന്നും പാകിസ്താന്‍ ആരോപിച്ചിരുന്നു. ഇന്ത്യ ആക്രമണം നടത്തിയ ഭാഗങ്ങളില്‍ ഭീകര ക്യാമ്പുകളുടെ സാന്നിധ്യമില്ലെന്നും പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. അതേസമയം, അമിത് ഷാ 250 തീവ്രവാദികളെ ഇന്ത്യന്‍സേന ആക്രമണത്തില്‍ കൊല്ലപ്പെടുത്തിയെന്ന് അവകാശപ്പെട്ടിരുന്നു.

Exit mobile version