ജീവന്റെ വിലയുള്ള ലീവ്! അപ്രതീക്ഷിതമായി അവധി കിട്ടി, പുല്‍വാമ ദുരന്തത്തില്‍ നിന്നും അത്ഭുതരക്ഷ; ഞെട്ടല്‍മാറാതെ ജവാന്‍

മുംബൈ:ദൈവത്തിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല താക്ക ബെല്‍ക്കറിന്, അതേസമയം, പുല്‍വാമയിലെ സഹപ്രവര്‍ത്തകരുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും മോചിതനുമായിട്ടില്ല സിആര്‍പിഎഫ് ജവാന്‍ താക്ക ബെല്‍ക്കര്‍(28).

വീരമൃത്യു വരിച്ചവരില്‍ ഒരാളാകേണ്ടതായിരുന്നു മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ സ്വദേശിയായ താക്കയും. സൈനികര്‍ സഞ്ചരിച്ച ബസില്‍ കയറുന്നതിന് ഏതാനും നിമിഷം മുമ്പാണ് താക്കയുടെ അവധി അപേക്ഷ സ്വീകരിച്ച വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വീട്ടിലേക്ക് യാത്ര തിരിച്ചു.

അവസാനനിമിഷമാണ് അവധി അപേക്ഷ സ്വീകരിച്ച സന്തോഷവാര്‍ത്ത തേടിയെത്തുന്നത്. എന്നാല്‍ ആ സന്തോഷം അധികം നീണ്ടില്ല. വീടണയുന്നതിന് മുമ്പേ ഒപ്പമുണ്ടായിരുന്നവരുടെ മരണവാര്‍ത്തയാണ് താക്ക കേള്‍ക്കുന്നത്. ഞായറാഴ്ച രാത്രിയാണ് താക്ക വീട്ടിലെത്തുന്നത്.

ഫെബ്രുവരി 24 ന് ഇദ്ദേഹത്തിന്റെ വിവാഹമാണ്. അത് പ്രമാണിച്ച് അവധിയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അവധി അപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ജമ്മുവിലേക്ക് തിരിക്കാന്‍ തയാറായി നില്‍ക്കുകയായിരുന്നു താക്ക. ആക്രമണവാര്‍ത്ത അറിഞ്ഞ ശേഷം ആരോടും മിണ്ടാതെ വിഷാദത്തിലാണ് താക്കയെന്നാണ് സഹോദരന്‍ അരുണ്‍ ബെല്‍ക്കര്‍ പറയുന്നത്.

Exit mobile version