നീണ്ട കത്തില്‍ പാക്കിസ്ഥാന്‍ എന്ന ഏഴക്ഷരം എഴുതാനുളള സ്ഥലം ഉണ്ടായിരുന്നില്ലേ? സാനിയ മിര്‍സയ്‌ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടെന്നിസ് താരം സാനിയ മിര്‍സ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കത്തിനെതിരെ രൂക്ഷമായ ആക്രമണം.

ഒരു സെലിബ്രിറ്റി ആയത് കൊണ്ട് ഭീകരാക്രമണങ്ങളെ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ അപലപിച്ചാല്‍ മാത്രമെ ഞങ്ങളുടെ രാജ്യസ്‌നേഹം തെളിയിക്കപ്പെടൂ എന്ന് കരുതുന്നവര്‍ക്ക് വേണ്ടിയാണ് എഴുതുന്നത് എന്നുപറഞ്ഞാണ് കത്ത് തുടങ്ങുന്നത്.

‘എല്ലാ അക്രമങ്ങളേയും അപലപിക്കേണ്ട കാര്യം എനിക്കില്ല. എല്ലായ്‌പ്പോഴും ഭീകരവാദത്തിന് എതിരാണെന്ന് വിളിച്ച് പറയേണ്ട കാര്യവുമില്ല. ഞങ്ങള്‍ ഭീകരവാദത്തിന് എതിര് തന്നെയാണ്. ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി കളിക്കുകയും വിയര്‍പ്പൊഴുക്കുകയും ചെയ്യുന്ന ആളാണ്. അങ്ങനെയാണ് ഞാന്‍ എന്റെ രാജ്യത്തെ സേവിക്കുന്നതെന്നും സാനിയ പറഞ്ഞു.

‘വീരമൃത്യു വരിച്ച ജവാന്മാര്‍ക്കും കുടുംബത്തിനും ഒപ്പമാണ് ഞാന്‍. നമ്മുടെ രാജ്യത്തെ കാക്കുന്ന യഥാര്‍ത്ഥ ഹീറോ അവരാണ്. ഫെബ്രുവരി 14 നമ്മുടെ രാജ്യത്തെ കറുത്ത ദിനമാണ്. അത് ഒരിക്കലും നമ്മള്‍ മറക്കില്ല. പക്ഷെ അപ്പോഴും സമാധാനത്തിന് വേണ്ടി മാത്രമാണ് ഞാന്‍ പ്രാര്‍ത്ഥിക്കുക. വിദ്വേഷം പരത്തുന്നതിന് പകരം നിങ്ങളും അത് തന്നെ ചെയ്യണം. മറ്റുളളവരെ കളിയാക്കി ഒന്നും നേടാനാവില്ല. ഭീകരവാദത്തിന് ഈ ലോകത്ത് യാതൊരു ഇടവും ഇല്ല,’ സാനിയ പറഞ്ഞു.

ഭീകരവാദത്തെ കുറിച്ച് ഒരു സെലിബ്രിറ്റി എത്ര പോസ്റ്റ് ഇട്ടിട്ടുണ്ടെന്ന് എണ്ണി നോക്കുകയും കളിയാക്കുകയും ചെയ്യുന്ന സമയം രാജ്യത്തെ സേവിക്കാനുളള വഴിയാണ് നോക്കേണ്ടത്. സോഷ്യല്‍ മീഡിയയില്‍ ഉറക്കെ വിളിച്ച് പറയാതെ ഞങ്ങളുടെ ഭാഗം ഞങ്ങള്‍ ചെയ്യുന്നുണ്ട്. നിങ്ങളുടെ പങ്ക് നിങ്ങളും ചെയ്യുക,’ സാനിയ വ്യക്തമാക്കി.

എന്നാല്‍ സാനിയയുടെ പ്രസ്താവനയില്‍ പാകിസ്ഥാന്റെ പേര് എന്തുകൊണ്ട് പരാമര്‍ശിച്ചില്ലെന്നായിരുന്നു പലരും ചോദിച്ച് രംഗത്തെത്തിയത്. ഇത്രയും വലിയ കുറിപ്പില്‍ പാക്കിസ്ഥാന്‍ എന്ന ഏഴക്ഷരം എഴുതാനുളള സ്ഥലം ഉണ്ടായിരുന്നില്ലേയെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെ വിവാഹം ചെയ്തതു മുതല്‍ സാനിയ ദേശീയതയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അക്രമത്തിന് ഇരയായിട്ടുണ്ട്. സൈബര്‍ ആക്രമണം ഒഴിവാക്കാനായി സോഷ്യല്‍ മീഡിയയില്‍ നിന്ന് തന്നെ സാനിയ നേരത്തേ വിട്ടു നിന്നിട്ടുമുണ്ട്.

Exit mobile version